ലൈഫ് പദ്ധതി ചിലർക്ക് കണ്ണിലെ കരട്: മുഖ്യമന്ത്രി, പദ്ധതിക്കെതിരെ നിലകൊണ്ടവരെ ജനം കൈയൊഴിഞ്ഞു

തിരുവനന്തപുരം: പാവപ്പെട്ടവർക്ക് വീടൊരുക്കുന്ന ലൈഫ് പദ്ധതി ചിലർക്ക് കണ്ണിലെ കരടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫിനെതിരെ നിലകൊണ്ടവരെ ജനം കൈയൊഴിഞ്ഞു. അഞ്ചു ലക്ഷം ലൈഫ് വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം പൂജപ്പുരയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാവപ്പെട്ട അഞ്ചുലക്ഷം കുടുംബങ്ങൾക്ക് വീട് നൽകിയത് കേരളത്തിന് അഭിമാനമാണ്. സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിയുന്നു എന്ന ആത്മാഭിമാനം ഈ അഞ്ച് ലക്ഷം കുടുംബങ്ങളുടെ മനസിലുണ്ടായി. അഞ്ചുലക്ഷം കുടുംബം എന്നത് 20 ലക്ഷമോ 40 ലക്ഷമോ വ്യക്തികളാണ്.
ലൈഫ് പോലെ മാതൃകാപരമായ മറ്റൊരു പദ്ധതി രാജ്യത്തില്ല. വീടുകൾക്ക് മുന്നിൽ ലോഗോ വയ്ക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദ്ദേശം. എന്നാൽ, അത് ഗുണഭോക്താവിന്റെ ആത്മാഭിമാനത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും ഒരു ലോഗോയും വയ്ക്കില്ലെന്നുമുള്ള നിലപാടായിരുന്നു സംസ്ഥാന സർക്കാരിന്റേത്.
വീട് ആഗ്രഹിക്കുന്ന പാവങ്ങൾ ഇനിയുമുണ്ട്. അവർക്കുള്ള വീട് നിർമ്മാണം എങ്ങനെ പൂർത്തീകരിക്കാമെന്നാണ് സർക്കാർ ചിന്തിക്കുന്നത്. ജാതി, മതം, രാഷ്ട്രീയം തുടങ്ങിയവയൊന്നും ലൈഫിൽ വീട് നൽകുന്നതിന് പരിഗണനാ വിഷയമായില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പൂരി സജിത ഭവനിൽ സജിതകുമാരി, വെള്ളനാട് സലീന മൻസിലിൽ മുംതാസ് എന്നിവർക്ക് മുഖ്യമന്ത്രി വീടിന്റെ മാതൃകയും താക്കോലും കൈമാറി.
ലൈഫ് മിഷനിലേക്ക് സ്ഥലവും വീട് നിർമ്മാണത്തിന് മറ്റു സഹായങ്ങളും നൽകിയവരെ ചടങ്ങിൽ ആദരിച്ചു. മനസ്സോടിത്തിരി മണ്ണ് പദ്ധതിയിൽ 2.61 ഏക്കർ ഭൂമി സൗജന്യമായി നൽകിയ സുകുമാരൻ വൈദ്യരുടെ കുടുംബാംഗങ്ങൾ, ലൈഫ് പദ്ധതിക്ക് പിന്തുണ നൽകിയ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എ, ഹഡ്‌കോ, കെ.യു.ആർ.ഡി.എഫ്.സി, ഐ.കെ.എം എന്നിവയുടെ പ്രതിനിധികൾ ആദരവ് ഏറ്റുവാങ്ങി.
മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷനായി. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, കെ.കൃഷ്ണൻകുട്ടി, വി.അബ്ദുറഹിമാൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സെക്രട്ടറി ടി.വി.അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, ലൈഫ് സി.ഇ.ഒ അപൂർവ ത്രിപാഠി തുടങ്ങിയവർ പങ്കെടുത്തു.
Source link


