CINEMA

ലൈംഗികാതിക്രമ കേസ്; അന്വേഷണ റിപ്പോർട്ട് പിടി കുഞ്ഞുമുഹമ്മദിന് പ്രതികൂലം, ദൃശ്യങ്ങൾ തെളിവെന്ന് പൊലീസ്

തിരുവനന്തപുരം: ലൈഗിഗാതിക്രമ കേസിൽ പ്രതിയായ ചലച്ചിത്ര സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പൊലീസ് കോട‌തിയിൽ സമർപ്പിച്ചു. പരാതിയിൽ അടിസ്ഥാനമുണ്ടെന്ന തരത്തിലാണ് അന്വേഷണ റിപ്പോർട്ട്. സംഭവം നടന്നെന്ന് പറയുന്ന സമയത്ത് കുഞ്ഞുമുഹമ്മദ് ഹോട്ടലിൽ ഉണ്ടായിരുന്നതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

വനിതാ ചലച്ചിത്ര പ്രവർത്തകയാണ് കുഞ്ഞുമുഹമ്മദിനെതിരെ പരാതി നൽകിയത്. ഈ കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷൻസ് കോടതി പൊലീസിനോട് അന്വേഷണ റിപ്പോർട്ട് തേടിയത്. മുൻ എംഎൽഎ കൂടിയായ പി ടി കുഞ്ഞുമുഹമ്മദ് ഐഎഫ്എഫ്കെയ്‌ക്ക് സിനിമകൾ തിരഞ്ഞെടുക്കുന്ന ജൂറിയിലെ ചെയർമാനായിരുന്നു. കേരള രാജ്യന്താര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷൻ നടക്കുന്നതിനിടെ കുഞ്ഞുമുഹമ്മദ് തന്നോട് മോശമായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തക നൽകിയ പരാതി. കഴിഞ്ഞ മാസം ആറിനാണ് പരാതിക്ക് ആസ്‌പദമായ സംഭവം നടന്നത്.

ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷൻ കമ്മിറ്റിയിൽ പരാതിക്കാരിയും അംഗമായിരുന്നു. തലസ്ഥാനത്തെ ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്‌ക്രീനിംഗ് കഴിഞ്ഞ് ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലേക്കെത്തി മോശമായി പെരുമാറിയെന്നാണ് ചലച്ചിത്രപ്രവർത്തകയുടെ പരാതി. സ്‌ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതി അദ്ദേഹം കന്റോൺമെന്റ് പൊലീസിന് കൈമാറുകയായിരുന്നു.

തുടർന്ന് പരാതിക്കാരിയുടെ മൊഴിയെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. എന്നാൽ പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അങ്ങനെയെങ്കിൽ അവരോട് മാപ്പ് പറയാൻ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞിരുന്നു.


Source link

Related Articles

Back to top button