റെയിൽവേട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കുറ്റം സമ്മതിച്ച് സുഹൃത്ത്

കൊച്ചി: വൈറ്റിലയിൽ റെയിൽവേട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് സുഹൃത്ത്. പൊന്നുരുന്നി സ്വദേശിയായ ഷാജിയാണ് കുറ്റം സമ്മതിച്ചത്. ഹൈക്കോടതി ജീവനക്കാരനായ ഇയാളെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. യുവതിയുടെ പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
കോട്ടയം സ്വദേശിയായ സുധാ ബേബിയാണ് കൊല്ലപ്പെട്ടത്. ഇവർ ഷാജിക്കൊപ്പം റെയിൽപ്പാളത്തിന് സമീപത്തേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഏറെ നേരം കഴിഞ്ഞ് ഷാജി മാത്രം തിരിച്ചുവരുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. സുധാ ബേബിയും ഷാജിയും ഏറെക്കാലമായി സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് വൈറ്റില ഫ്ലൈ ഓവറിന് താഴെ റെയിൽപാളത്തിന് സമീപത്തായി യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി കടന്നുപോയ അമൃത എക്‌പ്രസിലെ ലോക്കോ പൈലറ്റാണ് പാളത്തിന് സമീപത്തായി സ്‌ത്രീയുടെ ശരീരം കണ്ടത്. ഉടൻ തന്നെ അദ്ദേഹം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ മരട് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ത്രീ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത്.
മരണം സംഭവിച്ചത് ട്രെയിൻ തട്ടിയല്ലെന്ന് പൊലീസ് കണ്ടെത്തി. ശരീരത്തിൽ പിടിവലിയുണ്ടായതിന്റെ ലക്ഷണങ്ങളുണ്ടെന്നും സമീപത്തായി രക്തക്കറ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കിയിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നും ഒരു മൊബൈൽഫോണും പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ തിരിച്ചറിഞ്ഞത്.
Source link

