LATEST

റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍, അമൃത എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് കണ്ടത്

കൊച്ചി: സൗഹൃദം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വീട്ടമ്മയെ കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തള്ളിയ മുന്‍ ഹൈക്കോടതി ജീവനക്കാരനെ കുടുക്കിയത് സാഹചര്യ തെളിവുകള്‍. വൈറ്റില പൊന്നുരുന്നി കണ്ടത്തറവീട്ടില്‍ ഷാജിയാണ് (62) പിടിയിലായത്. എറണാകുളം പൂത്തോട്ടയില്‍ താമസിക്കുന്ന കോട്ടയം ചിങ്ങവനം മൂലക്കളത്തില്‍ സുധ ബേബിയാണ് (45) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വൈറ്റില ഫ്‌ളൈഓവറിനു താഴെ റെയില്‍പ്പാളത്തിന് സമീപമായിരുന്നു സംഭവം.

കൊലപാതകം ട്രെയിന്‍ തട്ടിയുള്ള മരണമാക്കാന്‍ ആസൂത്രണം ചെയ്ത പ്രതിയെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാകും മുമ്പ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി. സുധ ബേബിയുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൈക്കോടതി ജീവനക്കാരിയായിരുന്ന സുധയുടെ മാതാവിന്റെ സുഹൃത്തായിരുന്നു ഷാജി. സുധ വിവാഹ മോചിതയായ ഘട്ടത്തില്‍ തുടങ്ങിയ സൗഹൃദം പിന്നീട് വളര്‍ന്നു. ഈ ബന്ധം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സുധയെ ഒഴിവാക്കാന്‍ ഷാജി തീരുമാനിക്കുകയായിരുന്നു.


കുറെക്കാലമായി സുധയെ ഒഴിവാക്കണമെന്ന് തീരുമാനിച്ച പ്രതി കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചു തന്നെ സംഭവസ്ഥലത്ത് എത്തിച്ചത്. തല നിലത്തിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. ട്രെയിന്‍ തട്ടി മരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സുധയുടെ മൃതശരീരം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതെ കിടന്ന ട്രാക്കാണ് ഇതെന്ന് പ്രതി അറിഞ്ഞില്ല.

പൂത്തോട്ടയില്‍ നിന്ന് സുധയെ വൈറ്റില ഫ്‌ലൈഓവറിന് താഴെ എത്തിച്ച ഷാജി കാറില്‍ നിന്നിറങ്ങാന്‍ തയ്യാറാകാതിരുന്നപ്പോള്‍ ബലം പ്രയോഗിച്ച് പുറത്തിറക്കി ക്രൂരമായി മര്‍ദ്ദിച്ചു. ബോധരഹിതയായ സുധയെ ട്രെയിന്‍ തട്ടി മരണം ഉറപ്പാക്കാന്‍ ട്രാക്കില്‍ ഉപേക്ഷിച്ച് കടന്നു . എന്നാല്‍ തലയ്‌ക്കേറ്റ മര്‍ദ്ദനത്തില്‍ സുധ നേരത്തെ മരിച്ചു. രാത്രി 1.45ഓടെ അമൃത എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പാളത്തിന് സമീപം മൃതദേഹം കണ്ട് റെയില്‍വേ അധികൃതരെ വിവരമറിയിച്ചത്.

മരട് പൊലീസ് നടത്തിയ പരിശോധനയില്‍ മരണം ട്രെയിന്‍ തട്ടിയല്ലെന്ന് വ്യക്തമായി. മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ച മൊബൈല്‍ ഫോണും സി.സി ടിവി ദൃശ്യങ്ങളുമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇരുവരും റെയില്‍പ്പാളത്തിന് സമീപത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മുമ്പും ഇവര്‍ തമ്മിലുള്ള ബന്ധത്തെച്ചൊല്ലി കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നതായി സൂചനയുണ്ട്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.


Source link

Related Articles

Back to top button