രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുന്നു, മുൻകൂർ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും; ജീവനക്കാരെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്. കർണാടകയിലെ സുള്യയിൽ നിന്ന് കസ്റ്റഡിയിലെടുത്തെന്ന് ഇന്നലെ വൈകിട്ട് അഭ്യൂഹം പരന്നിരുന്നു. എന്നാൽ പിടികൂടാനായില്ലെന്ന് പിന്നീട് വ്യക്തമായി.
മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഇന്നലെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. രാഹുലിന്റേത് ഗുരുതര ലൈംഗികാതിക്രമമാണെന്നും ഔദ്യോഗിക പദവിയുപയോഗിച്ച് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ടെന്നും നിരീക്ഷിച്ചാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എ നസീറ മുൻകൂർ ജാമ്യം നിഷേധിച്ചത്.
ഉഭയസമ്മത പ്രകാരമുള്ള ശാരീരിക ബന്ധമെന്ന് ലഘൂകരിക്കാനാകില്ലെന്നും ഭീഷണിപ്പെടുത്തിയാണ് രാഹുലിന്റെ ഓരോ നീക്കവുമെന്ന് തെളുവുകളിൽ നിന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. ലൈംഗികാരോപണത്തെ തുടർന്ന് സംസ്ഥാന കോൺഗ്രസ് പുറത്താക്കുന്ന ആദ്യ എം എൽ എയാണ് രാഹുൽ.
അതേസമയം, ഇന്നലെ കസ്റ്റഡിയിലെടുത്ത രാഹുലിന്റെ പാലക്കാട് ഓഫീസിലെ പേഴ്സണൽ അസിസ്റ്റന്റ്, ഡ്രൈവർ ജോസ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചതും അനുഗമിച്ചതും ഇവരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ശനിയാഴ്ച പാലക്കാട് വിട്ട ഇരുവരും തമിഴ്‌നാട് വരെ ഇവർ രാഹുലിനൊപ്പമുണ്ടായിരുന്നു. ഇന്നലെ പാലക്കാട് തിരിച്ചെത്തിയതിന് പിന്നാലെയാണ് രണ്ടുപേരെയും എസ്ഐടി കസ്റ്രഡിയിലെടുത്തത്.
Source link



