രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസ്; അന്വേഷണം എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡനക്കേസ് എസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമം അന്വേഷണ സംഘം ആരംഭിച്ചുകഴിഞ്ഞു. മൊഴി നൽകാൻ തയ്യാറാണെന്ന് പരാതിക്കാരി കഴിഞ്ഞ ദിവസം ഇ-മെയിൽ വഴി അറിയിച്ചിരുന്നെന്നാണ് വിവരം.
യുവതി ഇ – മെയിൽ വഴി നൽകിയ പരാതി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് പൊലീസിന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ യുവതിയുടെ കൂടുതൽ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇ – മെയിൽ മേൽവിലാസം മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ, കേസെടുത്തിട്ടുണ്ടെന്നും മൊഴി രേഖപ്പെടുത്താനുള്ള സമയം അറിയിക്കണമെന്നും ഈ ഇ – മെയിലിലേക്കാണ് പൊലീസ് കത്തയച്ചത്. അന്വേഷണവുമായി പൂർണമായും സഹകരിക്കാമെന്ന് യുവതി മറുപടി നൽകി. പരാതിക്കാരിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
വളരെ സങ്കീർണമായ കേസാണിത്. 2023ലായിരുന്നു പീഡനം നടന്നത്. സാഹചര്യ തെളിവുകൾ ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ട്. അതിനാലാണ് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഒരു വിദഗ്ദ്ധ സംഘത്തെ തന്നെ അന്വേഷണ ചുമതല ഏൽപ്പിച്ചത്. യുവതിയുടെ രഹസ്യമൊഴി ഉൾപ്പെടെ സംഘം ശേഖരിക്കും. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥ കൂടിയായിരുന്നു പൂങ്കുഴലി.
Source link
