രാഹുലിന് മുൻകൂർ ജാമ്യമില്ല, കോടതിയിൽ തിരിച്ചടി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചത്. ഇന്നലത്തെ ശക്തമായ വാദത്തിനൊപ്പം ഇന്നുരാവിലെ പുതിയ തെളിവുകൾ ഹാജരാക്കുകയും ഒപ്പം രാഹുലിനെതിരെ പുതിയ പീഡനക്കേസ് രജിസ്റ്റർ ചെയ്ത വിവരവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചശേഷമായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.
രാഹുലിന്റെ അപേക്ഷപ്രകാരം ഇന്നലെമുതൽ അടച്ചിട്ട മുറിയിലായിരുന്നു വാദം നടന്നത്. ഇന്നലെ ഡിജിറ്റൽ തെളിവുകളടക്കം നിരത്തി വാദി, പ്രതിഭാഗങ്ങൾ നടത്തിയ വാദം ഒന്നര മണിക്കൂറിലേറെ നീണ്ടു.രാവിലെ 11.45ന് തുടങ്ങിയ വാദം ഉച്ചയ്ക്ക് 1.20ന് പൂർത്തിയായി. മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു.
ബലാത്സംഗം നടന്നു എന്നതിന് ശക്തമായ തെളിവുകളുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. കുട്ടിവേണമെന്ന് നിർബന്ധിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രത്തിന് രാഹുൽ അതിജീവിതയെ നിർബന്ധിച്ചു. ഇത് തെളിയിക്കുന്ന ചാറ്റുകളടക്കം പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ഗീനാകുമാരി ഹാജരാക്കി.
എന്നാൽ, ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത് തെളിയിക്കുന്നതിനായി അതിജീവിതയുടെ ചാറ്റുകളും ഫോട്ടോകളും ഉൾപ്പെടെ ഹാജരാക്കി. വിവാഹവാഗ്ദാനം നിലനിൽക്കില്ലെന്ന് തെളിയിക്കാൻ അതിജീവിതയുടെ വിവാഹഫോട്ടോകളടക്കം രാഹുലിനു വേണ്ടി ഹാജരായ അഡ്വ.ശാസ്തമംഗലം അജിത്കുമാർ ഹാജരാക്കി.
മുൻകൂർ ജാമ്യഹർജി തള്ളിയ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വയനാട്ടിലെ കോടതികളിൽ ഏതെങ്കിലും ഒരിടത്ത് കീഴടങ്ങുമെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതോടെ പൊലീസ് വാഹനപരിശോധന ഊർജിതമാക്കിയിരിക്കുകയാണ്. രാഹുൽ കർണാടകയിൽ ഒളിവിൽ കഴിയുകയാണെന്നാണ് നേരത്തെ പൊലീസിന് ലഭിച്ച വിവരം.
Source link

