രാഹുലിന്റെ മുൻകൂർജാമ്യ ഹർജി ബുധനാഴ്‌ച പരിഗണിക്കും; വാറണ്ട് പോസ്റ്ററുമായി പാലക്കാട്ട് എസ്‌എഫ്‌ഐ പ്രതിഷേധം

തിരുവനന്തപുരം: പീഡനക്കേസിൽ അന്വേഷണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി ഡിസംബർ മൂന്ന് ബുധനാഴ്‌ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ‌്ത് അന്വേഷിക്കുന്നത്.
നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ യുവതിയുടെ രഹസ്യ മൊഴിയെടുത്തിരുന്നു. ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം എന്നിവയടക്കമുള്ള കുറ്റങ്ങൾക്ക് കേസെടുത്ത് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്നതടക്കം ഏഴ് വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. രാഹുൽ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
രാഹുലിന്റെ കാർ പാലക്കാട്ടെ ഫ്ലാറ്റിലുണ്ട്. ഫോൺ സ്വിച്ച് ഓഫ് ആണ്. രാഹുൽ വിദേശത്ത് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് തെരച്ചിൽ നോട്ടീസ് കൈമാറി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വാണ്ടഡ് പോസ്റ്ററുമായി എസ്‌എഫ്‌ഐ പാലക്കാട് നഗരത്തിൽ പ്രതിഷേധിച്ചു.
Source link



