LATEST

എസ്.ഐ.ആർ അന്തിമഘട്ടത്തിൽ, മാപ്പിംഗ് ഉടൻ പൂർത്തിയാവും

# 88945 പേരുണ്ട്, ആളില്ല

# 44758 പേരുകളിൽ ഇരട്ടിപ്പ്
# 279196 പേർ താമസം മാറി
# 341393 പേർ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ.വോട്ടർപട്ടിക പരിഷ്ക്കരണം അവസാനഘട്ടത്തിലെത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ രാഷ്ട്രീയപാർട്ടി പ്രതിനിധി യോഗത്തിൽ അറിയിച്ചു.

2002ലെ രേഖയും പുതിയ അപേക്ഷയും ഒത്തുനോക്കി അംഗീകരിക്കുന്ന മാപ്പിംഗ് ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്നും വ്യക്തമാക്കി.

കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന ഡിസംബർ 9ന് ശേഷം തെറ്റുതിരുത്താനും മേൽവിലാസം മാറ്റാനും പുതുതായി പേരുചേർക്കാനും അവസരം നൽകും.

ഇതുവരെ 85%വോട്ടർമാർ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകി. ഇതിൽ 73% അപേക്ഷകൾ അപ് ലോഡ് ചെയ്തു. അവ മാപ്പിംഗ് ചെയ്തപ്പോൾ 91% അപേക്ഷയും പൊരുത്തപ്പെട്ടു. അവയാണ് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക.

ശേഷിച്ചത് പൊരുത്തപ്പെടാത്തതിന് കാരണം പൂരിപ്പിച്ചതിലെ പിഴവോ, പൂർണ്ണമായും പൂരിപ്പിക്കാത്തതോ,തെറ്റായ വിവരം നൽകിയതോ ആകാം.അത് ബി.എൽ.ഒമാരും ഇലക്ഷൻ കമ്മിഷൻ ഉദ്യോഗസ്ഥരും ചേർന്ന് വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തും. 2.78കോടി വോട്ടർമാർക്കാണ് എന്യൂമറേഷൻ ഫോം നൽകാൻ തീരുമാനിച്ചത്. 761536 പേർക്ക് കൊടുക്കാനായില്ല.ഇവരിൽ 341393 പേർ മരിച്ചു. 279196 പേർ താമസം മാറി. 7244 പേർ ഫോം വാങ്ങിയില്ല. 88945 പേർ വോട്ടർപട്ടികയിൽപേരുണ്ടെങ്കിലും യഥാർത്ഥത്തിൽ ആളില്ലാത്തവരാണ്. 44758 പേർ വോട്ടർപട്ടികയിൽ ഇരട്ടിപ്പിലൂടെ വന്ന പേരുകളാണ്. എസ്.ഐ.ആറിൽ ഒഴിവാക്കപ്പെടുന്നവരുടെ പേരുകൾ അതതിടങ്ങളിൽ പത്രങ്ങളിൽ പരസ്യപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികളെടുക്കും. രാഷ്ട്രീയപ്രതിനിധികളെ ബോധ്യപ്പെടുത്തും. പരാതി നൽകാൻ സമയവും സാവകാശവും നൽകും.ഡിസംബർ 9 ന് കരടും ഫെബ്രുവരി 7ന് അന്തിമ പട്ടികയും പ്രസിദ്ധപ്പെടുത്തും.

എസ്.ഐ.ആർ. തുടങ്ങിയത് മുതൽ എല്ലാ ശനിയാഴ്ചയും രാഷ്ട്രീയപ്രതിനിധികളുടെ യോഗം വിളിച്ച് പുരോഗതി അറിയിക്കുന്നുണ്ട് .ഇന്നലെ അവസാനയോഗമാണ് വിളിച്ചത്.

#എസ്.ഐ.ആർ നീട്ടണമെന്ന്

ആവർത്തിച്ച് പാർട്ടികൾ

വോട്ടെടുപ്പ് ദിവസമായ ഡിസംബർ 9ന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കാൻ കമ്മിഷന് വാശിയെന്തെന്ന് ഇടത് പാർട്ടികളുടെ പ്രതിനിധികളായ എം.വിജയകുമാറും സത്യൻമൊകേരിയും കോൺഗ്രസിന്റെ എം.കെ.റഹ്മാനും ചോദിച്ചു. ഡിജിറ്റലൈസ് ചെയ്യാനുളള സാങ്കേതിക തടസവും കോടതിയിൽ നിന്ന് അനുകൂല നിലപാടില്ലാത്തതിലെ ആശങ്കയും യോഗത്തിൽ ഉന്നയിച്ചു. തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ കഴിയാത്തവരെ രാജ്യത്തെ പൗരൻമാരല്ലെന്ന് കണക്കാക്കി നാടുകടത്തുമെന്ന ആശങ്കയുണ്ടെന്നും അതാണ് എസ്.ഐ.ആർ ആളുകളിൽ ഭയമുണ്ടാക്കുന്നതെന്നും മുസ്ലിം ലീഗ് പ്രതിനിധി അഡ്വ.മുഹമ്മദ് ഷാ പറഞ്ഞു. കരട് പട്ടികയിൽ വരുന്നവരിൽ ഇ.ആർ.ഒയ്ക്ക് സംശയം തോന്നാത്തവരെല്ലാം അന്തിമ പട്ടികയിൽ വരുമെങ്കിൽ എസ്.ഐ.ആറിന്റെ പ്രസക്തി എന്തെന്നായിരുന്നു ബി.ജെ.പി പ്രതിനിധി ജെ.ആർ പത്മകുമാറിന്റെ ചോദ്യം. അർഹരായ ആരെയും ഒഴിവാക്കില്ലെന്നും ആശങ്കയുളളവരുടെ പട്ടിക നൽകിയാൽ അവരെ കമ്മിഷൻ സഹായിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ മറുപടി നൽകി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button