രണ്ടു മാസത്തെ റേഷൻ ഒരുമിച്ച് വാങ്ങാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ ഒരുമിച്ചു വാങ്ങാം. ഏപ്രിലിലെ റേഷൻ ഏപ്രിൽ 4 മുതൽ 30 വരെയും മേയ് മാസത്തെ വിഹിതം ഏപ്രിൽ 4 മുതൽ മേയ് 30 വരെയും വാങ്ങാമെന്നു ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കണക്കിലെടുത്ത്, രാജ്യമാകെ 3 മാസത്തെ റേഷൻ കാർഡ് ഉടമകൾക്ക് ഒന്നിച്ചു കൊടുക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശമനുസരിച്ചാണിത്.
രാജ്യത്താകെ എഫ്.സി.ഐ ഡിപ്പോകളിൽ ധാന്യങ്ങൾ വൻതോതിൽ സംഭരിച്ചിരിക്കുന്ന സാഹചര്യത്തിൽ മാർച്ച് 2നാണ് കേന്ദ്രം നിർദേശം നൽകിയത്. യുദ്ധത്തെ തുടർന്നു രാജ്യത്തെ അരി കയറ്റുമതിയിൽ ഇടിവുണ്ടായതും കഴിഞ്ഞ വർഷം ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടായതുമാണ് സംഭരണം കൂടുന്നതിന് കാരണമായത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുൻപായിരുന്നു കേന്ദ്ര നിർദേശം. എന്നാൽ, ഇത്രയും സാധനങ്ങൾ ഏറ്റെടുത്തു സൂക്ഷിക്കാൻ കേരളത്തിൽ മതിയായ സൗകര്യമില്ലാത്തതിനാൽ 2 മാസത്തെ റേഷൻ നൽകാമെന്ന് കേരളം മറുപടി അയയ്ക്കുകയായിരുന്നു.
മഞ്ഞ കാർഡിന്
60 കിലോ അരി
മഞ്ഞ കാർഡ് (എ.എ.വൈ) ഉടമകൾക്ക് 2 മാസത്തെ അരി വിഹിതമായ 60 കിലോഗ്രാം സൗജന്യമായി ഒന്നിച്ചു വാങ്ങാം. പിങ്ക് കാർഡിലെ ഓരോ അംഗത്തിനും 2 മാസത്തെ ചേർത്ത് 8 കിലോഗ്രാം വീതം അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. നീല കാർഡിന് സാധാരണ വിഹിതമായി കാർഡ് അംഗത്തിന് 4 (2+2) കിലോഗ്രാം വീതം അരി കിലോഗ്രാമിന് 4 രൂപ നിരക്കിലും പുറമേ അധികവിഹിതമായി 5 (2+3) കിലോഗ്രാം അരിയും നൽകും. അധികവിഹിതത്തിന് കിലോഗ്രാമിന് 10.90 രൂപയാണു വില. വെള്ള കാർഡിന് 10 (6+4) കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ ലഭിക്കും. നീല, വെള്ള കാർഡുകൾക്ക് രണ്ടു മുതൽ 6 കിലോഗ്രാം വരെ ആട്ട 17 രൂപ നിരക്കിൽ ലഭിക്കും.
Source link


