രണ്ടുവർഷത്തിനിടെ ഇന്ത്യയിലെ ഈ സംസ്ഥാനത്ത് കാണാതായ സ്ത്രീകളുടെ എണ്ണം 93,000; കണക്കുകൾ പുറത്തുവിട്ട് സർക്കാർ

മുംബയ്: രണ്ട് വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് സർക്കാർ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മഹാരാഷ്ട്രയിൽ 93,000ത്തിലധികം സ്ത്രീകളെ കാണാതായതായി ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ നിയമസഭയെ അറിയിച്ചു. കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷം തോറും വർദ്ധനവുണ്ടാകുന്നത് പൊലീസിനും ഭരണകൂടത്തിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
2024ൽ 45,662 മുതിർന്ന സ്ത്രീകളെ കാണാതായി. ഇതിൽ 30,877 പേരെ കണ്ടെത്താനായി. ഇതേ വർഷം 11,316 പെൺകുട്ടികളെ കാണാതായതിൽ പ്രായപൂർത്തിയാകാത്തവരടക്കം 8,475 പേരെ കണ്ടെത്തി. 2025 ആയപ്പോഴേക്കും കാണാതാകുന്നവരുടെ എണ്ണം വർദ്ധിച്ചു. 48,278 മുതിർന്ന സ്ത്രീകളെ കാണാതായതിൽ 36,581 പേരെ കണ്ടെത്തി. 12,113 പെൺകുട്ടികളെ കാണാതായതിൽ 10,295 പേരെ കണ്ടെത്താനായിട്ടുണ്ട്. ഭൂരിഭാഗം പേരെയും കണ്ടെത്താൻ പൊലീസിന് സാധിക്കുന്നുണ്ടെങ്കിലും, ആയിരക്കണക്കിന് സ്ത്രീകൾ ഇപ്പോഴും എവിടെയാണെന്നതിനെക്കുറിച്ച് യാതൊരു തുമ്പുമില്ല.
കാണാതാകുന്ന കുട്ടികളെ കണ്ടെത്തി കുടുംബാംഗങ്ങളുമായി ഒന്നിപ്പിക്കാൻ 2015 ജൂലായ് മുതൽ സർക്കാർ ഓപ്പറേഷൻ മുസ്‌ക്കാൻ എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പിലാക്കിയിരുന്നു. 2024 വരെ പദ്ധതിയുടെ 13 ഘട്ടങ്ങളാണ് പൂർത്തിയായത്. പദ്ധതിയുടെ 14ാം ഘട്ടമാണ് ഈ വർഷം മുതൽ പുരോഗമിക്കുന്നത്. ഫെബ്രുവരി 16 വരെയുള്ള കണക്കുകൾ പ്രകാരം 454 ആൺകുട്ടികളെയും 947 പെൺകുട്ടികളെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ കാര്യത്തിൽ 2024-25 കാലയളവിൽ കാണാതായ 4,989 പേരിൽ 4,813 പേരെയും കണ്ടെത്താൻ പൊലീസിന് സാധിച്ചു. കാണാതായവരെ കണ്ടെത്താൻ ഡിജിറ്റൽ സംവിധാനങ്ങളും വിവിധ സ്ഥലങ്ങളിലെ ലോക്കൽ പൊലീസിന്റെ സഹായവും ഉദ്യോഗസ്ഥർ പ്രയോജനപ്പെടുത്തുന്നുണ്ട്. കുട്ടികളെ കാണാതാകുന്ന കേസുകൾക്കാണ് പൊലീസ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
TAGS: NEWS 360, NATIONAL, NATIONAL NEWS, MISSING, MISSING CASES, MAHARASHTRA, LATESTNEWS
Source link


