LIFESTYLE NEW

രണ്ടരക്കോടിയുടെ സ്കോളർഷിപ്പ് ഇക്കൊല്ലം ലഭിച്ച ഏക ഇന്ത്യക്കാരി, ഓക്‌സ്‌ഫോഡിൽ സംസ്‌കൃതം ബിരുദ വിദ്യാർത്ഥി

പുതിയ കാലത്ത് സംസ്കൃതത്തിന്റെ വേരുതേടി യാത്ര ചെയ്യുകയാണ് ആലപ്പുഴക്കാരി മോക്ഷ റാവു. വായിക്കാൻ കഴിയാതെയുള്ള പൗരാണിക കൈയെഴുത്തുപ്രതികളെ വെളിച്ചം കാണിക്കണമെന്ന ആഗ്രഹത്തോടെയാണ് ഈ പതിനെട്ടുകാരി ഉപരിപഠനത്തിന് സംസ്കൃതം തിരഞ്ഞെടുത്തത്. ഓക്സ്ഫോഡിൽ അപ്ളൈഡ് സംസ്കൃതം ബിരുദ വിദ്യാർത്ഥിയാണ്. രണ്ടാംക്ലാസ് മുതൽ സംസ്കൃതത്തെ ഒപ്പം ചേർത്തു. അമൃത സ്കൂൾ ഒഫ് ഡെൻഡിസ്ട്രി വൈസ് പ്രിൻസിപ്പൽ ഡോ. രാകേഷ് സുരേഷിന്റെയും കൊച്ചിൻ ഇന്റർനാഷണൽ സ്കൂൾ അദ്ധ്യാപിക ലക്ഷ്മിയുടെയും മകളാണ്. സഹോദരൻ അക്ഷത് സുരേഷ് റാവു.

ഭഗവദ്ഗീതയടക്കമുള്ള ഗ്രന്ഥങ്ങൾ അർത്ഥം മനസിലാക്കി മക്കൾ വായിക്കണമെന്ന പിതാവിന്റെ ആഗ്രഹമാണ് വഴികാട്ടിയായത്. എളമക്കര ഭവൻസ് വിദ്യാമന്ദിറിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സംസ്കൃതം ആറാംവിഷയമായി പഠിച്ച ഏക വിദ്യാർത്ഥിയായിരുന്നു. സി.ബി.എസ്.ഇ അധികൃതരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് അന്ന് ഒരാൾക്ക് മാത്രമായി സംസ്കൃത അദ്ധ്യാപനവും പരീക്ഷയും നടത്തിയത്.

ഓക്സ്ഫോഡ് എന്ന സ്വപ്ന സാക്ഷാത്ക്കാരം

പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് സംസ്കൃതത്തിൽ ഉപരിപഠനം നടത്തണമെന്ന ആഗ്രഹം മാതാപിതാക്കളോട് പങ്കുവച്ചത്. മകളുടെ ഭാവിസാദ്ധ്യതകളെക്കുറിച്ചുള്ള ആശങ്കകളായിരുന്നു മാതാപിതാക്കൾക്ക്. ഇന്ത്യയിൽ തിരുപ്പതി, ഷിമോഗ തുടങ്ങിയ സ്ഥലങ്ങളിൽ അപ്ലൈഡ് സംസ്കൃതം എന്ന വിഷയത്തിൽ പഠനസാദ്ധ്യതകളുണ്ടെങ്കിലും പെൺകുട്ടികൾക്ക് അവസരമുണ്ടായിരുന്നില്ല.

2024 മുതൽ വിദേശ സർവകലാശാലയിലേക്ക് ശ്രമം ആരംഭിച്ചു. ഭാഷയോടുള്ള താത്പര്യവും അറിവും വ്യക്തമാക്കുന്ന ആയിരം വാക്കിലുള്ള കുറിപ്പ്, പ്രാെജക്ടുകൾ, മൂന്നുഘട്ട അഭിമുഖങ്ങൾ എന്നിവ മറികടന്നാണ് ഓക്സ്ഫോഡ് സർവകലാശാലയ്ക്ക് കീഴിലുള്ള സെന്റ് ജോൺസ് കോളേജിൽ ഏഷ്യൻ ആൻഡ് മിഡിൽ ഈസ്റ്റേൺ സ്റ്റഡീസ് വിഭാഗത്തിൽ ബി.എ വിദ്യാർത്ഥിയായി പ്രവേശിച്ചത്.

പുരാവസ്തു ഗവേഷണ വിഭാഗത്തിനോടൊപ്പം ചേർന്ന് സംസ്കൃതത്തിന്റെ അനന്തസാദ്ധ്യതകളിലേക്ക് ഇറങ്ങണമെന്നും സംസ്‌കൃത ഭാഷയെ കമ്പ്യൂട്ടർ ഭാഷയുമായി ഏങ്ങനെ കോർത്തിണക്കാമെന്ന തരത്തിൽ കൂടുതൽ പഠനം നടത്താനുമാണ് മോക്ഷയുടെ ആഗ്രഹം.

രണ്ടരക്കോടിയുടെ സ്കോളർഷിപ്പ്

ഫീസിനത്തിൽ മാത്രം ഒന്നരക്കോടിയിലേറെ രൂപ പഠനത്തിന് ആവശ്യമാണ്. ഇവിടെ മോക്ഷയ്ക്ക് നേട്ടമായത് രണ്ടരക്കോടിയുടെ റീച്ച് ഓക്സ്ഫോഡ് സ്കോളർഷിപ്പാണ്. ഓക്സ്ഫോഡിൽ യു.ജി പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയുന്ന ഏക സ്കോളർഷിപ്പാണിത്. ഒരുവർഷം പരമാവധി രണ്ടോ മൂന്നോ പേർക്കാണ് ലഭിക്കുക. ഈവർഷം സ്കോളർഷിപ്പ് ലഭിച്ച ഏക ഇന്ത്യക്കാരിയും മോക്ഷയാണ്. കോഴ്സ് ഫീസിന് പുറമേ താമസം, ജീവതച്ചെലവുകൾക്കായി രണ്ടര കോടിയുടെ സ്കോളർഷിപ്പ് പ്രയോജനപ്പെടും.


Source link

Related Articles

Back to top button