‘രക്ഷിത് ഷെട്ടി കൊച്ചു കുട്ടിയൊന്നുമല്ല; പഴയതൊക്കെ ഓർത്ത് കുറ്റബോധവും കരച്ചിലുമായിരിക്കാൻ’; വായടപ്പിക്കുന്ന മറുപടി

തെന്നിന്ത്യ കാത്തിരിക്കുന്ന താരവിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരാവുകയാണ്. ഈ മാസം 26ന് ഉദയ്‌പൂരിൽ തീർത്തും സ്വകാര്യമായാണ് വിവാഹം നടത്തുന്നത്. വിവാഹ ഒരുക്കങ്ങൾ സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നതിനിടെ രശ്‌മികയെ പരിഹസിക്കാനും ചിലർ മടിക്കുന്നില്ല. രശ്‌മികയുടെ മുൻകാമുകൻ രക്ഷിത് ഷെട്ടിയുടെ സുഹൃത്ത് പ്രമോദിന്റെ പരിഹാസ്യമായ വാക്കുകൾ അക്കൂട്ടത്തിലൊന്നാണ്. അത്തരം പരിഹാസങ്ങൾക്ക് കടുത്ത ഭാഷയിലാണ് ആരാധകർ മറുപടി നൽകുന്നത്.
‘രശ്‌മികയുടെ കല്യാണക്കുറി കിട്ടിയിട്ടില്ല. കിട്ടിയാൽ പോകും. രശ്‌മിക വിളിക്കില്ലെന്ന് നമുക്കെല്ലാം അറിയാമല്ലോ. പിന്നെ രക്ഷിത് ഷെട്ടി… അവൻ കൊച്ചു കുട്ടിയൊന്നുമല്ല ചോക്ലേറ്റും കഴിച്ച് പഴയതൊക്കെ ഓർത്ത് കുറ്റബോധവും കരച്ചിലുമായിരിക്കാൻ’ – പ്രമോദ് പരിഹാസച്ചിരിയോടെ പറഞ്ഞു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രമോദിന്റെ വായടപ്പിക്കുന്ന മറുപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് രശ്‌മികയുടെ ആരാധകർ.
എത്രകാലം രശ്‌മികയെ പരിഹസിച്ചുകൊണ്ട് നടക്കുമെന്നും പ്രണയബന്ധം അവസാനിപ്പിച്ചിട്ട് പഴയകാമുകനെയും സുഹൃത്തുക്കളെയും കല്യാണത്തിന് വിളിക്കേണ്ട ആവശ്യമില്ലെന്നുമൊക്കെ ആരാധകർ മറുപടി നൽകുന്നുണ്ട്. രശ്‌മികയുടെ ആരാധകരല്ലാത്തവർ പോലും പ്രമോദിനെ വിമർശിക്കുന്നുണ്ട്. സിനിമാ മേഖലയിലെ താരത്തിന്റെ വളർച്ചയിലുള്ള അസൂയയാണ് പ്രമോദിന്റെ വാക്കുകളിലുളളതെന്നും ചിലർ വിമർശിക്കുന്നുണ്ട്.
2016ൽ രക്ഷിത് ഷെട്ടി നായകനായ ‘കിരിക് പാർട്ടി’ എന്ന ചിത്രത്തിലൂടെയാണ് രശ്‌മികാ മന്ദാന സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. 2017ൽ രക്ഷിത് ഷെട്ടിയുമായി താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അന്ന് രശ്‌മികയ്‌ക്ക് 21ഉം രക്ഷിതിന് 34ഉം ആയിരുന്നു പ്രായം. എന്നാൽ, തൊട്ടടുത്ത വർഷം ഇരുവരും വിവാഹനിശ്ഛയം റദ്ദാക്കിയതായി അറിയിച്ചു. ഇതിനുപിന്നാലെ വലിയരീതിയിലുള്ള സൈബർ ആക്രമണങ്ങൾ രശ്‌മികയ്‌ക്ക് നേരെയുണ്ടായി. പൊതുവേദികളിൽ പോലുമുണ്ടായ അത്തരത്തിലുള്ള ആക്രമണങ്ങളെ അതിജീവിച്ചാണ് രശ്‌മിക സിനിമയിൽ സജീവമായത്. ഇപ്പോഴും അത് തുടരുന്നതിന്റെ ഉദാഹരണമാണ് പ്രമോദിന്റെ വാക്കുകൾ.
രശ്‌മികയും വിജയ്‌ദേവരകൊണ്ടയും ആദ്യമായി ഒന്നിച്ചഭിനയിച്ച ഗീതാഗോവിന്ദം മുതൽതന്നെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ വിവാഹവാർത്തകൾ പുറത്തുവന്നതിനു പിന്നാലെ സിനിമയിലെ ജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.
Source link



