LATEST

യൂറോപ്പിന് പുട്ടിന്റെ മുന്നറിയിപ്പ്: ‘ഞങ്ങൾ തയ്യാർ, യുദ്ധമെങ്കിൽ യുദ്ധം ! ”  സമാധാന ചർച്ച വീണ്ടും പാളി

മോസ്കോ: യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ യു.എസുമായി നടത്തിയ സമാധാന ചർച്ച ഫലംകാണാതെ അവസാനിച്ചതിനിടെ, യൂറോപ്പിനെതിരെ മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. റഷ്യ യൂറോപ്പുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അവർ യുദ്ധത്തിന് മുന്നിട്ടിറങ്ങിയാൽ തങ്ങൾ നോക്കിനിൽക്കാതെ തിരിച്ചടിക്കുമെന്നും പുട്ടിൻ പറഞ്ഞു.

യുക്രെയിനിലെ സമാധാന ശ്രമങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങൾ തുരങ്കംവയ്ക്കുകയാണെന്നും യുദ്ധം അവസാനിക്കണമെന്ന് അവർ ആഗ്രഹിക്കുന്നില്ലെന്നും പുട്ടിൻ വിമർശിച്ചു. യു.എസ് തയ്യാറാക്കിയ സമാധാന പദ്ധതിക്ക് ബദലായി യുക്രെയിന് അനുകൂലമായിട്ടുള്ള ഒരു പദ്ധതി യൂറോപ്യൻ യൂണിയൻ അവതരിപ്പിച്ചതാണ് പുട്ടിനെ ചൊടിപ്പിച്ചത്.

യൂറോപ്പിന്റെ പദ്ധതിയിലെ വ്യവസ്ഥകൾ റഷ്യയ്ക്ക് തീർത്തും അംഗീകരിക്കാൻ കഴിയാത്തവ ആണെന്ന് പുട്ടിൻ ചൂണ്ടിക്കാട്ടി. ‘ഞങ്ങൾ യൂറോപ്പുമായി യുദ്ധത്തിനില്ലെന്ന് ഞാൻ നൂറു തവണ പറഞ്ഞിട്ടുണ്ട്. പക്ഷേ, പെട്ടെന്ന് ഒരു യുദ്ധത്തിന് അവർ ഇറങ്ങിപ്പുറപ്പെട്ടാൽ, നേരിടാൻ ഞങ്ങൾ ഈ നിമിഷം പോലും തയ്യാറാണ് ” – പുട്ടിൻ പറഞ്ഞു.

 മോസ്കോ ചർച്ച പരാജയം

സമാധാന കരാറിൽ ധാരണയിലെത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നറും പുട്ടിനുമായി നേരിട്ട് അഞ്ച് മണിക്കൂറോളം ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പദ്ധതിയിലെ ചില വ്യവസ്ഥകളെ പുട്ടിൻ പിന്തുണച്ചെങ്കിലും മറ്റുള്ളവ തള്ളി. കൂടുതൽ ചർച്ചകൾക്ക് തയ്യാറാണെന്നും വ്യക്തമാക്കി.

റഷ്യയ്ക്ക് അനുകൂലമായാണ് യു.എസ് ആദ്യം പദ്ധതി തയ്യാറാക്കിയത്. എന്നാൽ യുക്രെയിന്റെ എതിർപ്പ് പരിഗണിച്ച് വ്യവസ്ഥകളിൽ ചില ഭേദഗതികൾ വരുത്തി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടുത്തിടെ യുക്രെയിൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടും സമവായത്തിൽ എത്തിയിരുന്നില്ല. നിലവിൽ, റഷ്യ പിന്തുണയ്ക്കുന്ന കരാറിലെ വ്യവസ്ഥകളെ യുക്രെയിനോ, യുക്രെയിൻ പിന്തുണയ്ക്കുന്ന വ്യവസ്ഥകളെ റഷ്യയോ അംഗീകരിക്കുന്നില്ല.

# വിട്ടുവീഴ്ചയില്ലെന്ന് റഷ്യ

 യുക്രെയിനിൽ പിടിച്ചെടുത്ത പ്രദേശങ്ങളൊന്നും വിട്ടുകൊടുക്കില്ലെന്ന് റഷ്യ ആവർത്തിച്ചു. ഇത് റഷ്യയ്ക്ക് മുന്നിൽ ‘കീഴടങ്ങുന്നതിന്” തുല്യമെന്ന് യുക്രെയിൻ. യുക്രെയിന് പാശ്ചാത്യ രാജ്യങ്ങൾ സുരക്ഷാ ഗ്യാരന്റികൾ നൽകുന്നതിനോട് റഷ്യയ്ക്ക് എതിർപ്പ്

 ഇതിനിടെ, റഷ്യയും യുക്രെയിനും പരസ്പരം ഡ്രോൺ, മിസൈലാക്രമണങ്ങൾ തുടരുന്നു. യുക്രെയിനിൽ ഇന്നലെ രണ്ട് പേർ കൊല്ലപ്പെട്ടു. റഷ്യയിലെ ടാംബോവിൽ എണ്ണ ഡിപ്പോയിൽ തീപിടിത്തം


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button