LATEST

യുവാവിനെ തട്ടിക്കൊണ്ട് പോയി കവ‌ർച്ച: ആസൂത്രകൻ അറസ്റ്റിൽ


കൊച്ചി: വില്ലിംഗ്ടൺ ഐലൻഡിൽ നിന്ന് ഇടുക്കി സ്വദേശിയെയും സുഹൃത്തിനെയും ഒരു മാസം മുമ്പ് കാർ സഹിതം തട്ടിക്കൊണ്ട് പോയി 1.50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സൂത്രധാരനായ ഗുണ്ട അറസ്റ്റിൽ. കൊച്ചി വാതുരുത്തി കുട്ടൻപറമ്പിൽ വീട്ടിൽ ഡെൽബിൻ ദേവസി (44)യാണ് ഹാർബർ പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം തൈക്കാടിന് സമീപം ഒളിവിലായിരുന്നു.വാഹന ഇടപാടുകാരനായ ഇടുക്കി സ്വദേശി ആഷിഖിനെയും സുഹൃത്ത് റിയാസിനെയും ഫെബ്രുവരി 12ന് രാത്രി ഐലൻഡിലേക്ക് വിളിച്ചു വരുത്തിയാണ് തട്ടിക്കൊണ്ടു പോയത്. ഡെൽബിന്റെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന ഗുണ്ടാസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും പൂത്തോട്ടയിലെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് മർദ്ദിക്കുകയും ചെയ്തു. ഒന്നര ലക്ഷം രൂപയും കാറും കൈക്കലാക്കിയ ശേഷം 14ന് വഴിയരികിൽ തള്ളി.തൈക്കാട്ടെ വീട്ടിൽ ഒളിവിൽ കഴിയവേ മൊബൈൽ ഫോൺ ഡെൽബിൻ പൂർണമായി ഒഴിവാക്കിയിരുന്നു. വൈഫൈ ഉപയോഗിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ കൂട്ടാളികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് കൊച്ചി പൊലീസ് നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളുടെ സഹോദരൻ മുൻ കോർപ്പറേഷൻ കൗൺസിലറാണ്.


Source link

Related Articles

Back to top button