LATEST

യുദ്ധം എത്രനാൾ നീളും?​

ഡോ. സനന്ദ് സദാനന്ദൻ | Monday 02 March, 2026 | 2:48 AM

 യുദ്ധം തുടരാൻ യു.എസ് ആഗ്രഹിക്കില്ല  വിജയിച്ചത് ഇസ്രയേലിന്റെ പദ്ധതി

ഓർക്കാപ്പുറത്ത് യുദ്ധം വന്നുഭവിക്കുകയും, അത് പൂർണതോതിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ അടുത്ത ചോദ്യം സ്വാഭാവികമായും, ‘ഇത് എത്രനാൾ” എന്നതാണ്! ഇരുപക്ഷവും തയ്യാറെടുപ്പുകൾ നടത്തിയിട്ടുള്ളതിനാൽ ആദ്യദിനങ്ങൾ ആക്രമണ- പ്രത്യാക്രമണങ്ങളാൽ കടന്നുപോകും. അതിനുശേഷം എന്ത് എന്നതാണ് യഥാർത്ഥ ചോദ്യം. യുക്രെയിൻ- റഷ്യ യുദ്ധം പോലെ നാലുവർഷം വരെ നീണ്ടുനിൽക്കുമോ,​ അതോ ലോകം ഇടപെട്ട് പെട്ടന്നുള്ള ഒരു വെടിനിറുത്തൽ സാദ്ധ്യമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

അമേരിക്കയെ സംബന്ധിച്ച് ഒരു നീണ്ട യുദ്ധത്തിനുള്ള താത്പര്യം കാണില്ല. വിയറ്റ്നാമിലെയും ഇറാക്കിലെയും അഫ്ഗാനിസ്ഥാനിലേയും മുൻ അനുഭവങ്ങൾ അവരെ പിന്നോട്ടു വലിക്കുക തന്നെ ചെയ്യും. യുദ്ധം ഒരാഴ്ച നീണ്ടുപോയാൽപ്പിന്നെ നിറുത്താൻ പ്രയാസമാണ്. വലിയ രീതിയിലുള്ള ആളും അർത്ഥവും അതിനായി ചെലവാക്കേണ്ടിവരും. നിലവിൽ പടക്കപ്പലുകളിലിരുന്നും,​ ഫൈറ്റർ ജെറ്റുകളിലൂടെയുമാണ് അമേരിക്ക ആക്രമണം നടത്തുന്നതെങ്കിൽ, നീണ്ട യുദ്ധത്തിൽ ഇറാൻ മണ്ണിൽ സൈന്യത്തെ ഇറക്കേണ്ടിവരും. അത് ട്രംപിന്റെ മുൻ നിലപാടുകളുമായി ചേർന്നു പോകുന്നതല്ല.

‘അമേരിക്ക ആദ്യം” എന്ന മുദ്രാവാക്യമുയർത്തി അധികാരത്തിൽ വന്ന ട്രംപിന്റെ പ്രധാന നിലപാട്, അമേരിക്ക അനാവശ്യമായി ലോക പ്രശനങ്ങളിൽ ഇടപെടേണ്ടതില്ല എന്നായിരുന്നു. ഇറാൻ എന്നത് വെനസ്വേല പോലെ ചെറിയൊരു രാജ്യമല്ല. അമേരിക്കയുടെ ആറിലൊന്ന് വലിപ്പമുണ്ട് അതിന്. എന്നു മാത്രമല്ല, മലനിരകൾ നിറഞ്ഞ ഭൂപ്രകൃതിയും കാലാവസ്ഥയും ഇറാനെതിരായ സൈനിക നീക്കത്തെ കഠിനമാക്കുന്നു. അതുകൊണ്ടുതന്നെ ദിവസങ്ങൾ കഴിയുന്തോറും ട്രംപിൽ നയംമാറ്റം പ്രകടമാകാനാണ് സാദ്ധ്യത.

ഇസ്രയേലിനെ സംബന്ധിച്ച് വലിയ വിജയമാണ് കൈവരിക്കാൻ സാധിച്ചിട്ടുള്ളത്. ഇറാന്റെ ആത്മീയ നേതാവായ ഖമനേയിയെയും, ഒപ്പം പ്രധാന സൈനിക ഉദ്യോഗസ്ഥരെയും വധിക്കാനായി. വാസ്തവത്തിൽ പലരും നിരീക്ഷിക്കുന്നത് ഒരു ആണവ കരാറുണ്ടാക്കി,​ പിൻവലിയാൻ ശ്രമിച്ചിരുന്ന ട്രംപിനെ ഒരു യുദ്ധത്തിലൂടെ ഇവിടെ പിടിച്ചുനിറുത്തി പരമാവധി നേട്ടമുണ്ടാക്കാനായുള്ള ഇസ്രയേലിന്റെ ശ്രമങ്ങളാണ് വിജയിച്ചത് എന്നാണ്.

കേവലമൊരു കരാറുണ്ടാക്കി അമേരിക്ക ആയുധ വിന്യാസങ്ങൾ പിൻവലിച്ചിരുന്നെങ്കിൽ,​ അത് ഇസ്രയേലിന്റെ പ്രഖ്യാപിത നയങ്ങൾക്ക് എതിരാകുമായിരുന്നു. ഇസ്രയേലിന്റെ യഥാർത്ഥ ലക്ഷ്യം ഇറാനിയൻ ആണവ പദ്ധതികളെ തടയുക എന്നതിലപ്പുറം ഭരണമാറ്റമാണ്. അതിലേക്ക് അവർ അടുത്തും കഴിഞ്ഞു.

നീണ്ടുനിൽക്കുന്ന യുദ്ധദിനങ്ങൾ ഇസ്രയേലിന് ബോണസാണ്. ഇസ്രയേൽ ശ്രമിക്കുക ചുരുങ്ങിയ സമയത്തിനകത്ത് പരമാവധി ആയുധ കേന്ദ്രങ്ങളും ആണവപരീക്ഷണ കേന്ദ്രങ്ങളും തകർക്കുക എന്നതായിരിക്കും. അതേസമയം,​ ഇറാനിൽ നിന്നുള്ള പല മിസൈലുകളും ‘അയേൺ ഡോം” ഭേദിച്ച് ഇസ്രയേലിൽ വീണുകഴിഞ്ഞുവെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. പക്ഷേ യുദ്ധത്തിൽ ജനിച്ച്, അതിൽ വളർന്ന്, മിക്കപ്പോഴും അതിന് മുൻകൈയെടുക്കുന്ന രാഷ്ട്രമെന്ന നിലയിൽ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് എളുപ്പത്തിലുള്ള ഒരു വെടിനിറുത്തൽ ഉണ്ടാകാൻ ഇടയില്ല.

ഇറാനെ സംബന്ധിച്ച് യുദ്ധം അപ്രതീക്ഷിതമല്ലെങ്കിലും കൈയിലുള്ള ആയുധങ്ങൾ ഉപയോഗിച്ച് ദീർഘനാൾ ശക്തമായി പിടിച്ചുനിൽക്കുക പ്രായോഗികമല്ല. അവർ ഉപയോഗിക്കുന്ന ആയുധങ്ങൾ പലതും കാലഹരണപ്പെട്ടതാണ്. 1979- ലെ ഇസ്ളാമിക വിപ്ളവത്തിനു മുമ്പ് അമേരിക്ക നൽകിയതോ റഷ്യ കൈമാറിയതോ സ്വയം നിർമ്മിച്ചവയോ ആണ് അധികവും. ഫൈറ്റർ ജെറ്റുകളുടെ കാര്യത്തിലൊക്കെ ഇറാൻ നേരിടുന്ന ദൗർലഭ്യം പ്രകടമാണ്. സ്വന്തമായി നിർമ്മിച്ച മിസൈലുകളും റോക്കറ്റുകളുമാണ് അവരുടെ ശക്തി. അത് അവർ കഴിഞ്ഞ ഇസ്രയേലി സംഘർഷ സമയത്ത് തെളിച്ചതുമാണ്.

ഇസ്രയേൽ- അമേരിക്കൻ ആക്രമണത്തിനെതിരെ ഇറാൻ ആക്രമിച്ചത് സമീപത്തെ ഏഴ് രാഷ്ട്രങ്ങളെയാണ്. ഇത് തുടർന്ന് പോരാൻ വലിയ ആയുധശേഖരം ആവശ്യമാണ്. നിലവിൽ ഇറാന് അതില്ല. ഇതിനർത്ഥം ഇറാൻ ആയുധംവച്ച് ഉടൻ കീഴടങ്ങുമെന്നല്ല. ഇറാൻ എന്ന രാഷ്ട്രത്തിന്റെ രൂഢമൂലമായ സ്വഭാവം മനസിലാക്കാൻ അതിന്റെ ചരിത്രത്തിലേക്ക് നോക്കേണ്ടതുണ്ട്. ഷിയാ വിഭാഗങ്ങളെ സംബന്ധിച്ച് രക്തസാക്ഷിത്വം എന്നത് എല്ലാത്തിനും മുകളിലാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയി അവരെ സംബന്ധിച്ച് ഇനി വലിയൊരു പ്രതീകമാണ്.

ജയിക്കാനായല്ല രക്തസാക്ഷിത്വം വരിക്കാനായാണ് ഇറാൻകാർ യുദ്ധം ചെയ്യുന്നത് എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. അത് 1980 മുതൽ എട്ടുവർഷം നീണ്ടുനിന്ന ഇറാൻ- ഇറാക്ക് യുദ്ധത്തിൽ കണ്ടതുമാണ്. അതുകൊണ്ടുതന്നെ ഇറാൻ പൊരുതുക തന്നെ ചെയ്യും. പെട്ടെന്നുള്ള ഒരു വെടിനിറുത്തൽ എന്നത് അവരെ സംബന്ധിച്ച് ആത്മഹത്യാപരമാണ്. യുദ്ധം അവസാനിപ്പിക്കണമെന്ന് ഏറ്റവും ആഗ്രഹമുള്ളത് അറബ് രാഷ്ട്രങ്ങൾക്കാണ്. അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെയാണെങ്കിലും മറ്റു കേന്ദ്രങ്ങളിലും ഇറാനിയൻ റോക്കറ്റുകൾ പതിച്ചുകഴിഞ്ഞു. അവർ സൈനിക സംരക്ഷകനായി കരുതുന്ന അമേരിക്കയിൽ ചെലത്തുന്ന സമർദ്ദത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ യുദ്ധം എത്രനാൾ നീളുമെന്ന് അറിയാനാവുക.

ഒരുകാര്യം ഉറപ്പാണ്- യുദ്ധം മാസങ്ങൾ നീളുകയാണെങ്കിൽ: ഹോർമുസ് കടലിടുക്ക് അടച്ചിട്ടുകൊണ്ടുള്ള ഇറാന്റെ വിലപേശൽ തുടരുകയാണെങ്കിൽ ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളുടെ സ്ഥിതി അപകടത്തിലാകും. എണ്ണ ഇറക്കുമതി, ഇന്ത്യയിൽ നിന്ന് ആ മേഖലയിലേക്കുള്ള വൻ കയറ്റുമതി,​ ലക്ഷക്കണക്കിനു വരുന്ന പ്രവാസികളുടെ തിരിച്ചുവരവ്, അവിടെനിന്നുള്ള വരുമാനം നിലയ്ക്കൽ… എല്ലാം വെള്ളത്തിലാകും. അതുകൊണ്ടുതന്നെ മേഖലയിൽ വെടിനിറുത്തൽ എന്നത് ഇന്ന് ലോകത്തിന്റെ തന്നെ ആവശ്യമാണ്.

(കൊടുങ്ങല്ലൂർ അസ്‌മാബി കോളേജിൽ അസോസിയേറ്റ് പ്രൊഫസർ ആണ് ലേഖകൻ)​


Source link

Related Articles

Back to top button