LATEST

യുഎസ് സൈനികതാവളങ്ങൾക്കുനേരെയുള്ള ഇറാന്റെ മിസൈലാക്രമണം, അബുദാബിയിൽ എഷ്യൻ പൗരൻ കൊല്ലപ്പെട്ടു

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികതാവളങ്ങൾക്കുനേരെ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണത്തിൽ ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടു. അബുദാബിയിലെ ജനവാസമേഖലയിൽ നടത്തിയ ആക്രമണത്തിലാണ് മരണം സംഭവിച്ചിരിക്കുന്നത്. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുഎഇയെ ലക്ഷ്യമിട്ട് ഇറാനിയൻ ബാലിസ്​റ്റിക് മിസൈലുകളെത്തിയതായും അവയെ വിജയകരമായി തകർത്തതായും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, ഇറാനിയൻ ആക്രമണത്തിനെതിരെ പ്രതികരിക്കാൻ തങ്ങൾക്ക് പൂർണ അവകാശമുണ്ടെന്ന് യുഎഇ വ്യക്തമാക്കി. രാജ്യത്തെ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചെന്നും രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നിരവധി മിസൈലുകൾ പ്രതിരോധിച്ചെന്നും യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച യുഎഇ, സാധാരണക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം ആക്രമണങ്ങൾ ഭീരുത്വം നിറഞ്ഞ പ്രവൃത്തിയാണെന്നും കുറ്റപ്പെടുത്തി. ഇത്തരം ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ തിരിച്ചടിക്കാൻ രാജ്യത്തിന് പൂർണമായ അവകാശമുണ്ടെന്നും മുന്നറിയിപ്പ് നൽകി.

ഇന്നുരാവിലെ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികതാവളങ്ങൾക്കെതിരെ ആക്രമണം നടത്തുമെന്ന് ഇറാൻ അറിയിച്ചിരുന്നു.


Source link

Related Articles

Back to top button