നായയെപ്പോലെ കുരയ്‌ക്കുകയും കടിക്കുകയും ചെയ്തു; പേവിഷബാധയേറ്റ യുവാവിന്റെ നില അതീവ ഗുരുതരം

ബനസ്‌കന്ധ: തെരുവ് നായയുടെ കടിയേറ്റ് മാസങ്ങൾക്ക് ശേഷം പേവിഷബാധ ബാധിച്ച യുവാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഗുജറാത്തിലെ വഡ്‌ഗാമിലാണ് സംഭവം. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് അക്രമാസക്തനായ യുവാവിനെ വനംവകുപ്പിന്റെ സഹായത്തോടെ വലവിരിച്ചാണ് ആശുപത്രിയിൽ കീഴ്‌പ്പെടുത്തിയത്.
മൂന്ന് കുട്ടികളുടെ പിതാവും തൊഴിലാളിയുമായ യുവാവിന് മൂന്ന് മാസം മുമ്പായിരുന്നു തെരുവുനായയുടെ കടിയേറ്റത്. എന്നാൽ അന്നേരം യുവാവ് കൃത്യമായ ചികിത്സയോ പ്രതിരോധ കുത്തിവയ്‌പ്പോ എടുത്തിരുന്നില്ല. രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയതോടെ യുവാവ് നായയെപ്പോലെ കുരയ്ക്കാനും ഓടാനും തുടങ്ങിയതായി നാട്ടുകാർ പറയുന്നു. ഭാര്യയെ ആക്രമിക്കുകയും വീടിന് ചുറ്റും അക്രമാസക്തനായി ഓടുകയും ചെയ്തതോടെ പരിഭ്രാന്തരായ വീട്ടുകാർ ഇയാളെ കയറുകൊണ്ട് കെട്ടിയിട്ടു.
പുലർച്ചെ മൂന്ന് മണിയോടെ അടുത്തുള്ള ട്രോമ സെന്ററിൽ എത്തിച്ചപ്പോൾ അവിടെയും യുവാവ് അക്രമം തുടർന്നു. കെട്ടുകൾ അറുത്തുമാറ്റിയ ഇയാൾ ആശുപത്രിയിലെ ഇരുമ്പ് കട്ടിലിൽ കടിക്കുകയും ഉച്ചത്തിൽ ബഹളം വയ്ക്കുകയും ചെയ്തതോടെ മറ്റു രോഗികളും പരിഭ്രാന്തരായി. സ്ഥിതി നിയന്ത്രണാതീതമായതോടെ ആശുപത്രി അധികൃതർ പൊലീസ് സൂപ്രണ്ടിനെയും ജില്ലാ കളക്ടറെയും വിവരമറിയിച്ചു.
ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വല ഉപയോഗിച്ചാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്. മരുന്ന് നൽകി ഉറക്കിയ ശേഷം കട്ടിലിൽ കെട്ടിയിട്ടാണ് നിലവിൽ ചികിത്സ നൽകുന്നത്. യുവാവിന്റെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. തെരുവുനായകളിൽ നിന്നോ വളർത്തുനായകളിൽ നിന്നോ കടിയേറ്റാൽ ഒരു കാരണവശാലും നിസാരമായി കാണരുതെന്നും ഉടൻ വൈദ്യസഹായം തേടണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു.
TAGS: NEWS 360, NATIONAL, NATIONAL NEWS, ANTIRABIS, RABIS, LATESTNEWS, DOGBITE, GUJARAT
Source link