CINEMA

മോഹൻലാലിനും മമ്മൂട്ടിയ്‌ക്കും തുടർഹിറ്റുകൾ നൽകിയ എസ് പി വെങ്കടേഷ്, അനശ്വരമാക്കിയത് 500ലധികം പാട്ടുകൾ

ഒരു ദിവസവും 25 പാട്ടുകൾ വരെ കമ്പോസ് ചെയ്‌തിട്ടുള്ള അപൂർവ കലാകാരൻ. എൺപതുകളിലും 90കളിലും ഹിറ്റായ പല ചിത്രങ്ങളുടെയും സംഗീത സംവിധായകൻ അല്ലെങ്കിൽ പശ്ചാത്തല സംഗീതം ചെയ്‌തയാൾ. ചെന്നൈ സ്വദേശിയായ എസ് പി വെങ്കിടേഷിനെ മലയാളികൾക്ക്‌ ഏറെ ഇഷ്‌ടമായിരുന്നു. അദ്ദേഹം സംഗീതം ചെയ്‌ത നിരവധി ഗാനങ്ങൾ ടുകെ കിഡ്‌സ് പോലും ഇന്ന്‌ പാടി നടക്കാറുണ്ട്. മോഹൻലാലിനെ സൂപ്പർ താരമാക്കി മാറ്റിയ തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ് ചിത്രമായ രാജാവിന്റെ മകനിലെ ‘വിണ്ണിലെ ഗന്ധർവ്വ വീണകൾ പാടുന്ന സംഗീതമേ’ എന്ന ഉണ്ണിമേനോൻ പാടിയ ഗാനം നാല് പതിറ്റാണ്ടിന് ശേഷവും ഇന്നും പലരുടെയും ഇഷ്‌ട ലിസ്റ്റിലുണ്ട്. കിലുക്കത്തിലെ ‘ഊട്ടിപ്പട്ടണം’, ‘കിലുകിൽ പമ്പരം’, ജയരാജിന്റെ ശ്രദ്ധേയ ചിത്രമായ പൈതൃകത്തിലെ വാൽകണ്ണെഴുതിയ, കെഎസ്‌ ചിത്ര പാടിയ നീലാഞ്ജന പൂവിൻ, മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ സൈന്യത്തിലെ ബാഗി ജീൻസും ടോപ്പുമണിഞ്ഞ് തുടങ്ങിഫാസ്റ്റ് നമ്പരുകളും പരമ്പരാഗതമായ രാഗബദ്ധമായ ചലച്ചിത്ര ഗാനങ്ങളും ഒരുപോലെ ചെയ്യാൻ കഴിഞ്ഞിരുന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്.

സംഗീതത്തിലെ പോലെ ഹിറ്റ് ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം ചെയ്‌തതും എസ് പി വെങ്കിടേഷിന്റെ ശ്രദ്ധേയമായ സംഭാവനയാണ്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ മഹായാനം, മോഹൻലാലിന്റെ ദേവാസുരം, നമ്പർ 20 മദ്രാസ് മെയിൽ, കസ്റ്റംസ് ഡയറി, അമ്മ അമ്മായിയമ്മ, അലിബാബയും ആറര കള്ളന്മാരും, അഗ്നിനക്ഷത്രം, ലേലം, വജ്രം, റൺവേ, മാമ്പഴക്കാലം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ചെയ്‌തു. 90കളിൽ ഹിറ്റായ ചിത്രങ്ങൾ റീമാസ്റ്ററിംഗ് ചെയ്‌തിറക്കിയപ്പോഴും പഴയ പാട്ടുകളുടെ ഇഷ്‌ടം ജനങ്ങൾക്ക് കുറഞ്ഞില്ല. സ്‌ഫടികം റീമാസ‌്റ്റർ ചെയ്‌തിറക്കിയത് ഇത്തരത്തിലൊന്നാണ്.

ഹിറ്റുകൾ തുടരെ നൽകിയ കാലത്തുതന്നെയാണ് അദ്ദേഹം പെട്ടെന്ന് ആ രംഗത്ത് നിന്നും പുറത്തുമായി. എന്നാൽ ജനങ്ങൾ ഒരിക്കലും അദ്ദേഹത്തെ മറന്നിരുന്നില്ല. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകളും വീഡിയോകളും തന്റെ ചലച്ചിത്ര ഗാനങ്ങളെക്കുറിച്ച് വരുമ്പോൾ അതൊരു പുരസ്‌കാരമായും സന്തോഷമായും അദ്ദേഹം കണക്കാക്കി. തമിഴ്‌നാട്ടിൽ നിന്നും വന്ന ഒരു സംഗീത സംവിധായകന് ഈണമിടാൻ വരികൾ നൽകാൻ ഗാനരചയിതാക്കൾ തയ്യാറായില്ലേ? സംവിധായകരും നിർമ്മാതാക്കളും വിശ്വസ്‌തതയോടെ അവരുടെ ചിത്രത്തിലെ പാട്ടുകൾ എന്നെ ഏൽപ്പിച്ചില്ലേ? അതൊക്കെ വലിയ ഭാഗ്യമായി കാണുന്നു എന്നാണ് എസ് പി വെങ്കിടേഷ് മുൻപ് പറഞ്ഞിരുന്നത്. 1985 മുതൽ നാല് പതിറ്റാണ്ടോളം മലയാള ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതമേകി, ആറ് പതിറ്റാണ്ടോളം അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചു. മൂന്ന് വയസുമുതൽ തുടങ്ങിയ സംഗീത പഠനം ഏഴ് പതിറ്റാണ്ടിനിപ്പുറം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങി.


Source link

Related Articles

Back to top button