LATEST

ശബരിമല സ്വർണക്കൊള്ള: മുൻ തിരുവാഭരണ കമ്മിഷണറെ വീണ്ടും ചോദ്യം ചെയ്തു

കൊല്ലം: ശബരിമല ശ്രീകോവിലിലെ ദ്വാരകപാലക ശില്പത്തിലെയും കട്ടിളപ്പാളിയിലെയും സ്വർണം അപഹരിച്ച കേസുകളിലെ പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്.ബൈജുവിനെ ഇന്നലെ എസ്.ഐ.ടി വീണ്ടും ചോദ്യം ചെയ്തു. കൊല്ലം വിജിലൻസ് കോടതി ഇന്നലെ വൈകിട്ട് 4 വരെ കസ്റ്റഡയിൽ വിട്ട പ്രതിയെ കൊല്ലം പൊലീസ് ക്ലബിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.

കഴിഞ്ഞ ദിവസം എസ്.ഐ.ടി സമർപ്പിച്ച പ്രൊഡക്‌ഷൻ വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ ബൈജുവിനെ കോടതിയിൽ ഹാജരാക്കിയത്. ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു ചോദ്യം ചെയ്യൽ. വൈകിട്ട് 4ന് തിരികെ കോടതിയിൽ ഹാജരാക്കിയതോടെ റിമാൻഡ് ചെയ്ത ബൈജുവിനെ തിരുവനന്തപുരത്തെ ജയിലിലേക്ക് കൊണ്ടുപോയി. തിരുവിതാംകൂർ‌ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. തന്ത്രിയുടെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് സ്വർണം കടത്തിയതെന്നാണ് പത്മകുമാർ മൊഴി നൽകിയത്.

എന്നാൽ, ദേവസ്വം ബോർഡിന്റെ അനുമതിയോടെയാണ് സ്വർണം കൊണ്ടുപോയതെന്നാണ് ബൈജുവിന്റെ ആദ്യ മൊഴി. ഇരുമൊഴികളിലും വ്യക്തത വരുത്താനും കേസിൽ ബൈജുവിന്റെ പങ്ക് എത്രയെന്ന് ഉറപ്പിക്കാനുമാണ് ഇന്നലെ വൈകിട്ടുവരെ എസ്.ഐ.ടി കസ്റ്റഡിയിൽ വാങ്ങിയതെന്നാണ് വിവരം. ഈ മാസം ആറിനാണ് ബൈജുവിനെ അറസ്റ്റ് ചെയ്തത്. സ്വർണത്തിന്റെ കൈവശക്കാരൻ എന്ന നിലയിൽ ജാഗ്രത പുലർത്തിയില്ല, 2019ൽ ദ്വാരപാലക ശില്പങ്ങൾ കൊടുത്തുവിടുന്ന സമയത്തെ വിവാദ ഉത്തരവിൽ ഒപ്പിട്ടു തുടങ്ങിയവയാണ് ബൈജുവിനെതിരായ കുറ്റങ്ങൾ.
ശബരിമല മുൻ എക്സിക്യുട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാർ ഇന്നലെ സമർപ്പിച്ച ജാമ്യ ഹർജി ഡിസംബർ 3ന് പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ.വാസുവിന്റെ ജാമ്യ ഹർജിയിൽ ഡിസംബർ 2ന് വിധി പറയും. ഇന്നലെ എ.പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജിയും ഡിംസബർ 2ന് പരിഗണിക്കും.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button