മുൻ കേന്ദ്ര റെയിൽവെ മന്ത്രി മുകുൾ റോയ് അന്തരിച്ചു, വിടവാങ്ങിയത് ബംഗാൾ രാഷ്ട്രീയത്തിലെ കരുത്തൻ

കൊൽക്കത്ത: മുൻ കേന്ദ്ര മന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവുമായിരുന്ന മുകുൾ റോയ് (71) അന്തരിച്ചു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് ആശുപത്രിയിൽ വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്നായിരുന്നു അന്ത്യം. മകൻ ശുഭ്രാംശു റോയ് ആണ് മരണവിവരം പുറത്തുവിട്ടത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 2012ൽ കേന്ദ്ര റെയിൽവെ മന്ത്രിയായിരുന്നു. ദിനേഷ് ത്രിവേദി മാറിയ ശേഷമായിരുന്നു അദ്ദേഹം സുപ്രധാന പദവിയിലെത്തിയത്. കപ്പൽ ഗതാഗത സഹമന്ത്രിയായും പ്രവർത്തിച്ചിരുന്നു.
മസ്തിഷ്ക രോഗവും പ്രമേഹവും അദ്ദേഹത്തെ കഴിഞ്ഞ കുറച്ചുനാളുകളായി അലട്ടിയിരുന്നു. ഇതിന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു അന്ത്യം. രോഗത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു മുകുൾ റോയ്.
2011ൽ ഇതിഹാസ വിജയം നേടി പശ്ചിമ ബംഗാളിൽ മമതയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തുന്നതിന് പ്രധാന പങ്ക് വഹിച്ചത് മുകുൾ റോയ് ആയിരുന്നു. നിരവധി ഇടത് നേതാക്കളെ തൃണമൂൽ കോൺഗ്രസിലേക്ക് എത്തിച്ചതിൽ അദ്ദേഹത്തിന് കൈയുണ്ട്. ‘ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യൻ’ എന്ന വിളിപ്പേര് അദ്ദേഹത്തിനുണ്ടായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭയിലെ മുഖവുമായി ദീർഘകാലം റോയ് പ്രവർത്തിച്ചു.
പിന്നീട് മമതയുമായി പിണങ്ങിയ അദ്ദേഹം 2017ൽ ബിജെപിയിൽ ചേർന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപിക്ക് 18 സീറ്റുകൾ നേടിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 2021ൽ കൃഷ്ണ നഗർ ഉത്തർ മണ്ഡലത്തിൽ നിന്ന് ജയിച്ച് എംഎൽഎയായി. മാസങ്ങൾക്കകം തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങി. ഇതോടെ കൂറുമാറ്റത്തിന്റെ പേരിൽ ബിജെപിയുമായി അദ്ദേഹം നിയമപോരാട്ടം തുടങ്ങി. കൊൽക്കത്ത ഹൈക്കോടതി അദ്ദേഹത്തെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കി. എന്നാൽ സുപ്രീംകോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. നിലവിൽ എംഎൽഎ സ്ഥാനത്തിരിക്കെയാണ് അന്ത്യമുണ്ടായത്. മുഖ്യമന്ത്രി മമതാ ബാനർജിയടക്കം വിവിധ നേതാക്കൾ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
Source link



