മുന്നോട്ടു വച്ച കാൽ പിന്നോട്ടില്ല, ഇളയ കുട്ടികളെ രക്ഷിച്ചത് സാഹസികമായി; ചേച്ചി കുട്ടിയെ പ്രശംസിച്ച് സൈബർ ലോകം

കുട്ടികൾ ഒന്നിച്ചു നിന്നു കളിക്കുമ്പോൾ പലപ്പോഴും ഇളയകുട്ടികളുടെ ഉത്തരവാദിത്തം ഏൽപ്പിക്കുന്നത് മുതിർന്ന കുട്ടികളെയാകും. ഇളയ കുട്ടികളോടുള്ള സ്‌നേഹം കൊണ്ടും അച്ഛനമ്മമാർ വഴക്കുപറയുമെന്ന് പേടിച്ചും തങ്ങളെ ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയാക്കാൻ മുതിർന്ന കുട്ടികൾ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ലിഫ്‌റ്റിൽ കുടുങ്ങിയ രണ്ട് ചെറിയ കുട്ടികളെ സമയോജിതമായ ഇടപെടലിലൂടെ രക്ഷിച്ച ഒരു പെൺകുട്ടിയാണ് ഇന്റർനെറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്.
ലിഫ്റ്റിൽ കുടുങ്ങിപ്പോയ രണ്ട് ചെറിയ കുട്ടികളെയാണ് എട്ട് വയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടി രക്ഷിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. രണ്ട് ചെറിയ കുട്ടികൾ ലിഫ്റ്റിനുള്ളിൽ നിൽക്കുന്നതായാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ലിഫ്റ്റ് അടയാൻ തുടങ്ങുമ്പോൾ മുതിർന്ന പെൺകുട്ടി പെട്ടെന്ന് കാലെടുത്ത് വച്ച് അത് തടുക്കാൻ ശ്രമിക്കുന്നു. തുടർന്ന് ലിഫ്‌റ്റ് പൂർണമായി അടയാതിരിക്കാനായി അവൾ പാടുപെടുന്നുണ്ട്. ഇതിനകം അവൾ ബഹളം വച്ച് ആളെ കൂട്ടി. മുതിർന്നവരെത്തി ലിഫ്റ്റ് ഇരുവശത്തേക്ക് നീക്കി തുറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ഇതിനിടെയുണ്ടായ ഇത്തിരി വിടവിലൂടെ പെൺകുട്ടി ലിഫ്റ്റിനുള്ളിലേക്ക് കടന്ന് പരിഭ്രാന്തരായി കരയുന്ന കുട്ടികളെയെടുത്ത് മുതിർന്നവരുടെ കൈയിൽ കൊടുത്തു. പിന്നാലെ അവളും പുറത്തിറങ്ങി.
ഇന്റർനെറ്റിൽ വലിയ പ്രശംസയാണ് ഈ ചേച്ചിക്കുട്ടിക്ക് ലഭിക്കുന്നത്. സംഭവം നടക്കുന്നത് എവിടെയാണെന്ന് വ്യക്തമല്ല. മുതിർന്ന പെൺകുട്ടിയുടെ പ്രവൃത്തി വളരെ പക്വതയുള്ളതാണെന്നും അപകടത്തിൽപ്പെടുമ്പോൾ പരിഭ്രാന്തരാകാതെ എങ്ങനെ രക്ഷപ്പെടണമെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നും പലരും പറയുന്നുണ്ട. ചിലരാണെങ്കി ലിഫ്റ്റ് തുറക്കുന്നതിനുപകരം അടയാൻ മാത്രം ശ്രമിക്കുന്നത് അതിലെ സെൻസർ പ്രവർത്തനക്ഷമമല്ലെന്നും പറയുന്നുണ്ട്.
Source link



