മുതിർന്ന താരങ്ങളാണെങ്കിലും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ, തയ്യാറെന്ന് രോഹിത്ത്, ഒന്നും മിണ്ടാതെ കൊഹ്‌ലി

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുതിർന്ന താരങ്ങളായ വിരാട് കൊഹ്‌ലിയും രോഹിത്ത് ശർമ്മയും നിലവിൽ ഏകദിന ക്രിക്കറ്റ് മാത്രമാണ് കളിക്കുന്നത്. ഇരുവരും ഐപിഎൽ ഫ്രാഞ്ചൈസികളിലെ പ്രധാന താരങ്ങളാണെങ്കിലും വിജയ് ഹസാരെ, രഞ്ജി ട്രോഫി അടക്കം ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ ഇവർ പങ്കെടുക്കാറില്ല. ഏകദിന പരമ്പരകൾക്ക് മുൻപ് ഫിറ്റ്നസ് തെളിയിച്ച് എത്തുക മാത്രമാണ് ചെയ്യുക. എന്നാൽ ഇപ്പോൾ ഇരുവർക്കും നേരെയുള്ള നിലപാട് ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) കടുപ്പിക്കുകയാണ്. ദേശീയ ടീമിൽ ഇടംപിടിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിലും നിർബന്ധമായും മുതിർന്ന താരങ്ങൾ കളിക്കണം എന്നതാണ് ബിസിസിഐ നിലപാട്.
നിലവിൽ വിജയ് ഹസാരെ ട്രോഫിയാണ് ഉടൻ ആരംഭിക്കാനിരിക്കുന്നത്. ബിസിസിഐ നിർദ്ദേശം അംഗീകരിച്ചാൽ ഇരുവർക്കും വിജയ് ഹസാരെയിൽ പങ്കെടുക്കേണ്ടി വരും. മുംബയ് ക്രിക്കറ്റ് അസോസിയേഷനെ തന്റെ താൽപര്യം രോഹിത്ത് ഇതിനകം അറിയിച്ചുകഴിഞ്ഞു. എന്നാൽ കുടുംബത്തിനൊപ്പം ലണ്ടനിൽ താമസമാക്കിയ കൊഹ്‌ലി ഇക്കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2027 ഏകദിന ലോകകപ്പ് വരെ കളിക്കണമെന്ന ആഗ്രഹം പൂർത്തിയാകണമെങ്കിൽ ബിസിസിഐ നിർദ്ദേശം ചെവിക്കൊള്ളേണ്ടി വരും.
‘ഇന്ത്യയ്‌ക്ക് വേണ്ടി ഏകദിനത്തിൽ കളിക്കണമെങ്കിൽ ഇരുവരും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കേണ്ടി വരും. ബോർഡും ടീം മാനേജ്‌മെന്റും ഇക്കാര്യം ഇതിനകം ഇരുതാരങ്ങളെയും അറിയിച്ചു. രണ്ട് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ചതിനാൽ രണ്ടുപേരും ആഭ്യന്തര ക്രിക്കറ്റ് കളിച്ചേ പറ്റൂ.’ ബിസിസിഐ വൃത്തങ്ങളോട് അടുത്തുനിൽക്കുന്ന ഉന്നതരായ ചിലർ ഒരു ദേശീയ മാദ്ധ്യമത്തെ അറിയിച്ചു.
മുൻപ് ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഇന്ത്യയുടെ മോശം പ്രകടന ശേഷം ഇരുവരും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ സമ്മതിക്കുകയും ഓരോ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തു. സമാനമായ ഒരു രീതിയാണ് ഇത്തവണ ഇരുവർക്കും മുന്നിലേക്ക് ബിസിസിഐ വച്ചിരിക്കുന്നത്. മുൻപ് ബിസിസിഐ സെലക്ഷൻ കമ്മിറ്റി അദ്ധ്യക്ഷൻ അജിത് അഗാർക്കർ ആഭ്യന്തര ക്രിക്കറ്റ് എല്ലാ താരങ്ങളും കളിക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവച്ചിരുന്നു.
ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയിലാണ് ‘രോകോ സഖ്യം’ ഇതിനുമുൻപ് പങ്കെടുത്തത്. ഒരു സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയും നേടി രോഹിത്ത് പരമ്പരയിലെ താരമായപ്പോൾ കൊഹ്ലി അവസാന മത്സരത്തിൽ 74 റൺസ് നേടി പുറത്താകാതെ നിന്നു.
Source link



