മുട്ടുമടക്കുന്നു; ജനനായകൻ 20ന് എത്തിയേക്കും

വിജയ് ചിത്രം ജനനായകൻ ഫെബ്രുവരി 20ന് തിയേറ്ററുകളിൽ എത്തിയേക്കും. കോടതിയിലെ വ്യവഹാരങ്ങൾ അവസാനിപ്പിച്ച് സെൻസർ ബോർഡിന് വഴങ്ങാൻ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് ഒരുങ്ങുന്നു എന്നാണ് വിവരം.
വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന് കരുതുന്ന ജനനായകൻ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തിയേറ്ററുകളിൽ എത്തിക്കണമെന്ന് വിജയ്യുടെ രാഷ്ട്രീയപാർട്ടിയായ ടി.വി. കെ താത്പര്യപ്പെടുന്നുണ്ട്.
ഇൗമാസം അവസാനത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കും എന്ന സൂചന ഉള്ളതിനാൽ 20ന് തിയേറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ.
പൊങ്കൽ റിലീസായി ജനുവരി 9ന് ജനനായകൻ തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു വിതരണക്കാരുടെ ആദ്യ തീരുമാനം. ഇതനുസരിച്ച് ഡിസംബർ 18ന് സെൻസർ ബോർഡിന് സിനിമ സമർപ്പിച്ചിരുന്നു.
സിനിമ കണ്ട സെൻസർ ബോർഡ് അംഗങ്ങൾ നിർദ്ദേശിച്ച ഭേദഗതികൾ വരുത്താൻ നിർമ്മാതാക്കൾ തയ്യാറായെങ്കിലും പ്രദർശനാനുമതി നൽകുന്ന കാര്യം പുനഃപരിശോധന സമിതിയുടെ പരിഗണനയ്ക്ക് വിടാൻ സെൻസർ ബോർഡ് ചെയർമാൻ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വിഷയം കോടതിയിൽ എത്തിയത്.കോടതിയിൽ നൽകിയ കേസ് പിൻവലിക്കാനും ബോർഡ് നിർദ്ദേശിച്ച ഭാഗങ്ങൾ ഒഴിവാക്കാനും നിർമ്മാതാക്കൾ തയ്യാറാകും എന്നാണ് വിവരം.
ഫെബ്രുവരി 20ന് ലോക വ്യാപകമായി റിലീസ് ചെയ്യാനുള്ള ഒരുക്കം നടക്കുന്നുണ്ട്.
Source link



