test del 2
മുജ്തബ എവിടെ? അഭ്യൂഹങ്ങൾക്കിടെ ഇറാന്റെ പരമോന്നത നേതാവിനെക്കുറിച്ച് നിർണായക വിവരവുമായി റഷ്യ

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ, ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ ആസാന്നിധ്യത്തെക്കുറിച്ചുള്ള നിഗൂഡതകളും ഊഹാപോഹങ്ങളും ശക്തി പ്രാപിക്കുകയാണ്. മുജ്തബയുടേതെന്ന പേരിൽ വിവിധ പ്രസ്താവനകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതാണ് കിംവദന്തികൾക്ക് ആക്കം കൂട്ടുന്നത്. ഇതിനിടെയാണ് മുജ്തബയെക്കുറിച്ചുള്ള നിർണായക വിവരങ്ങളുമായി റഷ്യൻ പ്രതിനിധി രംഗത്തെത്തിയിരിക്കുന്നത്.ഇറാന്റെ മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ മകനാണ് അയത്തുള്ള മുജ്തബ ഖമേനി. ഫെബ്രുവരി 28-ന് യുഎസ്-ഇസ്രയേൽ സഖ്യം ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതോടെയാണ് മകൻ മുജ്തബ പുതിയ നേതാവായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ, അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥ ഇപ്പോഴും അവ്യക്തമാണ്. പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം അദ്ദേഹം ഒരിക്കൽ പോലും പൊതുവേദികളിൽ വന്നിട്ടില്ല.മുജ്തബയുടേത് എന്ന പേരിൽ മാർച്ച് 12-ലെ പ്രസ്താവനയും മാർച്ച് 20-ലെ നൗറൂസ് സന്ദേശവും ഔദ്യോഗിക മാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെയും അദ്ദേഹം എവിടെയാണ് ഉള്ളത് എന്നതിനെക്കുറിച്ചും കൂടുതൽ സംശയങ്ങൾക്ക് ഇടവെച്ചു. യുദ്ധത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റതായാണ് യുഎസ് അവകാശപ്പെടുന്നത്. കഴിഞ്ഞ ആഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാന്റെ പുതിയ പരമോന്നത നേതാവ് ജീവിച്ചിരിപ്പുണ്ടോ എന്ന് പരസ്യമായി സംശയം പ്രകടിപ്പിച്ചിരുന്നു.ഇതിനിടെയാണ് മുജ്തബയുടെ ഏറ്റവും പുതിയ വിവരങ്ങളുമായി ഇറാനിലെ റഷ്യൻ അംബാസഡർ അലക്‌സി ദെദോവ് രംഗത്തെത്തിയത്. റഷ്യൻ മാധ്യമമായ RTVI-യോട് സംസാരിക്കവെയാണ് ദെദോവ്, മുജ്തബ ഇപ്പോഴുള്ള സ്ഥലത്തെക്കുറിച്ച് സുപ്രധാന വിവരം പങ്കുവെച്ചത്. പരമോന്നത നേതാവ് ഇറാനിലുണ്ടെന്നും, നമുക്കെല്ലാം മനസിലാക്കാവുന്ന ചില പ്രത്യേക കാരണങ്ങളാൽ അദ്ദേഹം തൽക്കാലം പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയാണ് എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
Source link


