മുഖ്യമന്ത്രി ചെറ്റ എന്നുവിളിച്ചതിൽ അഭിമാനം, അദ്ദേഹം നിഘണ്ടുവായിച്ചിട്ടില്ല; മറുപടിയുമായി ജി സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ചെറ്റപ്രയോഗത്തിന് മറുപടിയുമായി ജി സുധാകരൻ. ചെറ്റ എന്നുവിളിച്ചതിൽ അഭിമാനമാണ്. ചെറ്റ എന്നത് ഇന്നാട്ടിലെ പാവപ്പെട്ടവരുടെ കിടപ്പാടമാണ് എന്നാണ് സുധാകരൻ പറഞ്ഞത്. യു ഡി എഫ് ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതമണ്ഡലമായ ധർമ്മടത്തുനിന്ന് മുഖ്യമന്ത്രി മത്സരിക്കുന്നതിനെയും അദ്ദേഹം പരിഹസിച്ചു.’മുഖ്യമന്ത്രിയെ ഞാൻ വിമർശിക്കും. പക്ഷെ ചീത്ത പറയില്ല. അതെന്റെ ഗുരുത്വമാണ്. എന്നെ ചെറ്റ എന്ന് വിളിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ചെറ്റ എന്നത് ഇന്നാട്ടിലെ പാവപ്പെട്ടവന്റെ കൂരയുടെ പ്രതീകമാണ്. പതിനെട്ട് വയസുവരെ ഞാൻ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. ആ ചെറ്റപ്പുരകളെ അധിക്ഷേപിക്കുകയാണ് തന്നെ ചെറ്റേ എന്നു വിളിക്കുകവഴി മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിയ്ക്ക് മലയാള ഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. ചെറ്റ എന്നല്ല ഇനി വറ്റ മത്സ്യം എന്ന് വിളിച്ചാലും ഞാൻ ചീത്ത പറയില്ല. എനിക്ക് പാർലമെന്ററി മോഹമാണ് എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി ഒമ്പതുതവണ മത്സരിച്ചു. ആ മണ്ഡലത്തിൽ ഇതുവരെ ആരും തോറ്റിട്ടില്ല. ആരും ജയിക്കാൻ കഴിയുന്ന മണ്ഡലത്തിൽ നിന്നാൽ ആർക്കും ജയിക്കാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്. ആലപ്പുഴ പോലെയല്ല കണ്ണൂർ. ആര് നിന്നാലും ജയിക്കും. മരിക്കുന്നതുവരെ എകെജി പാർലമെന്ററി മെമ്പർ ആയിരുന്നല്ലോ’: ജി സുധാകരൻ പറഞ്ഞു. അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാർട്ടി വിട്ടത് ചെറ്റത്തരമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചത്.നേരത്തേ, സി പി എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയ രാഘവനെയും ജി സുധാകരൻ വിമർശിച്ചിരുന്നു. മരിക്കുന്നതുവരെ എം എൽ എ ആയിരിക്കണമെന്നാണ് ആഗ്രഹമെന്നും ആ ആഗ്രഹം നടക്കാത്തതുകൊണ്ടാണ് പാർട്ടിവിട്ടതെന്നുമുള്ള വിജയരാഘവന്റെ പരിഹാസമാണ് സുധാകരനെ ചൊടിപ്പിച്ചത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലകീഴായി വായിച്ചതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ആയതെന്നും വിജയരാഘവൻ പറഞ്ഞിരുന്നു.
Source link



