LATEST

മിനിമം ശമ്പളം 58500 രൂപയിലേക്കോ? സർക്കാർ ജീവനക്കാർക്ക് കൈവരുന്നത് ഇതുവരെ ഉണ്ടാകാത്ത വൻ നേട്ടം

എട്ടാം ശമ്പളകമ്മീഷൻ റിപ്പോർട്ട് എപ്പോൾ പുറത്തുവരും., എന്നുമുതൽ നടപ്പാക്കും, എത്രയായിരിക്കും ശമ്പള വർദ്ധനവ്, കുടിശിക എപ്പോൾ കിട്ടും… കേന്ദ്രസർക്കാർ ജീവനക്കാർ ഇപ്പോൾ പ്രധാനമായി ചർച്ചചെയ്യുന്നത് ഇക്കാര്യമാണ്. 2026 ജനുവരി ഒന്നുമുതൽ പുതിയ കമ്മീഷൻ ശുപാർശകൾ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 25ന് നടക്കാനിരിക്കുന്ന എൻസ്‌ -ജെസിഎം ഡ്രാഫ്​റ്റ് കമ്മി​റ്റി യോഗം നിർണ്ണായകമാണ്. ശമ്പള വർദ്ധനവ് നിശ്ചയിക്കുന്നതിൽ ഏ​റ്റവും പ്രധാനപ്പെട്ട ഘടകമാണ് ഫി​റ്റ്‌മെന്റ് ഫാക്ടർ. ഏഴാം ശമ്പള കമ്മീഷനിൽ ഇത് 2.57 ആയിരുന്നു. എന്നാൽ എട്ടാം കമ്മീഷനിൽ ഇത് വർദ്ധിപ്പിക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം. ഇത്തരത്തിലുളള നിർദ്ദേശം സംഘടനകൾ സർക്കാരിനുമുന്നിൽ ഔദ്യോഗികമായി സമർപ്പിച്ചിട്ടുണ്ട്. ശമ്പളകമ്മിഷൻ സംബന്ധിച്ച് സുതാര്യത ഉറപ്പാക്കാൻ എട്ടാം ശമ്പളകമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. കമ്മിഷൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് എല്ലാ വിവരങ്ങളും ഇതിൽ ലഭ്യമാണ്. ശമ്പള പരിഷ്കരണം സംബന്ധിച്ച് നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കേണ്ടതും ഇതിലൂടെയാണ്.

ഫി​റ്റ്‌മെന്റ് ഫാക്ടർ 2.86 മുതൽ 3.25 വരെ ആക്കി ഉയർത്തണമെന്നാണ് നിലവിലെ ആവശ്യം. സാധനങ്ങളുടെ വിലക്കയറ്റവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഉയർത്തിക്കാണിച്ചാണ് ജീവനക്കാർ ഇത്തരമൊരാവശ്യം മുന്നോട്ടുവയ്ക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാൽ, നിലവിലെ കുറഞ്ഞ അടിസ്ഥാന ശമ്പളമായ 18,000 രൂപ 58,500 രൂപയായി ഉയർന്നേക്കാം എന്നാണ് റിപ്പോർട്ട്. കമ്മീഷന്റെ ശുപാർശകൾ പൂർണ്ണമായി നടപ്പിലാക്കാൻ 18 മുതൽ 20 മാസം വരെ സമയമെടുത്തേക്കാം. ഇത്രയും കാലതാമസം എടുത്താലും 2026 ജനുവരി മുതലുള്ള മുൻകാല പ്രാബല്യത്താേടെ ആനുകൂല്യങ്ങൾ എല്ലാ ജീവനക്കാർക്കും ലഭ്യമായേക്കും. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് സർക്കാരാണ്.

എട്ടാം ശമ്പളകമ്മീഷൻ രൂപീകരണം സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ട് അടുത്തവർഷം അവസാനമായിരിക്കും സമർപ്പിക്കുക എന്നാണ് അറിയുന്നത്. റിപ്പോർട്ട് ലഭിച്ചാലും സർക്കാർ അത് പരിശോധിച്ച് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. അതിന് വീണ്ടും സമയമെടുക്കും. എങ്കിലും ജീവനക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സൂചന. നേരത്തേയുള്ള അനുഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്.

എത്രവൈകി പരിഷ്കരണം നടപ്പാക്കിയാലും 2026 ജനുവരി ഒന്നുമുതലുള്ള കുടിശിക ലഭിക്കും. 2025 ഡിസംബർ 31 നാണ് ഏഴാം കമ്മിഷന്റെ കാലാവധി അവസാനിച്ചത്. അതിനാൽ വലിയൊരു തുക ജീവനക്കാർക്കും പെൻഷൻകാർക്കും ഒന്നിച്ച് ലഭിക്കും.ധനകാര്യ ഉപദേശക സ്ഥാപനമായ GenZFO സ്ഥാപകൻ മനീഷ് മിശ്ര ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 2026 ജനുവരി ഒന്നുമുതലുള്ള കുടിശിക ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കും എന്നാണ് അദ്ദേഹം പറയുന്നത്. അടുത്ത 12-18 മാസത്തെ പണപ്പെരുപ്പം, 16-ാം ധനകാര്യകമ്മിഷനുശേഷമുളള നികുതി ഉത്തേജനം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാവും അവസാന വർദ്ധനവ് എത്രയെന്ന് നിശ്ചയിക്കുക എന്നാണ് കർമ്മ മാനേജ്മെന്റ് ഗ്ലോബൽ കൺസൾട്ടിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചീഫ് വിഷൻ ഓഫീസറുമായ പ്രദീപ് വൈദ്യ പറയുന്നത്. മാർച്ച് ആദ്യവാരത്തിൽ കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കാം എന്നും റിപ്പോർട്ടുകളുണ്ട്.


Source link

Related Articles

Back to top button