test del 5 copy of del 3

മസ്തിഷ്ക മരണം: യുവതിയുടെ വൃക്ക വന്ദേഭാരതിൽ കോഴിക്കോട് എത്തിച്ചു, ഹൃദയം 14കാരിക്ക്


കോഴിക്കോട് ∙ മസ്തിഷ്‌ക മരണം സംഭവിച്ച് അവയവങ്ങൾ ദാനം ചെയ്ത തിരുവനന്തപുരം കിളിമാനൂർ കായാട്ടുകോണം വൃന്ദാവനം വീട്ടിൽ ജയി ജയകുമാറിന്റെ (35) ഒരു വൃക്ക വന്ദേഭാരത് എക്സ്പ്രസിൽ കോഴിക്കോട് എത്തിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 4.05ന് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിലാണ് രാത്രി പത്തു മണിയോടെ ഒരു വൃക്ക കോഴിക്കോട് എത്തിച്ചത്. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലുളള രോഗിക്കാണ് വൃക്ക നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടികൾ ഏകോപിപ്പിച്ചത്.ജയിയുടെ ഹൃദയം കൊച്ചിയിൽ ചികിത്സയിലുള്ള 14 കാരിക്ക് നൽകിയിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ കഴിയുന്ന മലപ്പുറം മൂക്കുതല സ്വദേശിനിയിലാണു ജയിയുടെ ഹൃദയം മിടിക്കുക. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.47 ന് ആണ് ഹൃദയം വഹിച്ചുള്ള ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റർ ഉയർന്നത്. 2.42 ന് ഹെലികോപ്റ്റർ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ലാൻഡ് ചെയ്തു. അവിടെനിന്ന് റോഡ് മാർഗം ഹൃദയം എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചു.ഏപ്രിൽ നാലിനാണ് കിംസ് ആശുപത്രിയിൽ ജയിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. ഏഴ് വയസുള്ള പൃഥ്വിഷ് ആണ് മകൻ. അച്ഛൻ ജയകുമാർ, അമ്മ അംബിക ജയകുമാർ. സഹോദരി ജയു എന്നിവരാണ് കുടുംബാംഗങ്ങൾ. കഴിഞ്ഞ ഏപ്രിൽ രണ്ടിന് ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടർന്നാണു ജയി ജയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ജയിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതോടെയാണ് അവയവങ്ങൾ ദാനം ചെയ്യാൻ ജയിയുടെ കുടുംബം തീരുമാനിച്ചത്.


Source link

Back to top button