LATEST

മലയാളി ടീമിലുണ്ടെങ്കില്‍ കപ്പ് ഉറപ്പാണ്; യാദൃശ്ചികമല്ല, അഞ്ച് തവണ സംഭവിച്ച കാര്യമാണത്


അഹമ്മദാബാദ്: വിവിധ ഫോര്‍മാറ്റുകളിലായി അഞ്ച് ലോകകിരീടങ്ങളാണ് ഇന്ത്യ നേടിയിട്ടുള്ളത്. 1983, 2011 വര്‍ഷങ്ങളില്‍ ഏകദിന ക്രിക്കറ്റിലെ ലോകകപ്പ്. 2007, 2024, 2026 വര്‍ഷങ്ങളില്‍ ട്വന്റി 20 ലോകകപ്പ്. ഈ അഞ്ച് കിരീട നേട്ടങ്ങളിലും ഒരു മലയാളിയും പങ്കാളിയാണ് എന്നതാണ് സവിശേഷത. അതായത് മലയാളി സാന്നിദ്ധ്യമില്ലാത്ത ടീമുമായി പോയ ഒരു ലോകകപ്പിലും ഇന്ത്യ കിരീടം ചൂടിയിട്ടില്ലെന്ന് സാരം. മുമ്പ് മലയാളികള്‍ മാത്രം പറഞ്ഞിരുന്നതാണ് ഇക്കാര്യമെങ്കില്‍ ഇപ്പോള്‍ അത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങള്‍ ഏറ്റുപറയുകയാണ്.1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുമ്പോള്‍ സുനില്‍ വല്‍സണ്‍ എന്ന മലയാളി ടീമിന്റെ ഭാഗമായിരുന്നു. തമിഴ്‌നാട്, റെയില്‍വേസ്, ഡല്‍ഹി എന്നിവര്‍ക്കായി രഞ്ജി ട്രോഫിയില്‍ കളിച്ചിട്ടുള്ള അദ്ദേഹം പക്ഷേ ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും കളിച്ചിരുന്നില്ല. 2007 (ട്വന്റി 20), 2011 (ഏകദിനം) ലോകകപ്പുകള്‍ നേടിയ ഇന്ത്യന്‍ ടീമില്‍ എറണാകുളം സ്വദേശിയായ എസ് ശ്രീശാന്ത് ആയിരുന്നു മലയാളി സാന്നിദ്ധ്യം. 2007ല്‍ പാക് താരം മിസബാ ഉള്‍ ഹഖിന്റെ ക്യാച്ച് എടുത്ത ശ്രീശാന്തിന്റെ കൈകളിലൂടെയായിരുന്നു അവസാന വിക്കറ്റ്. 2011ലും ശ്രീശാന്ത് ടീമിന്റെ ഭാഗമായിരുന്നു.2024, 2026 ട്വന്റി 20 ലോകകപ്പുകളില്‍ തിരുവനന്തപുരം സ്വദേശി സഞ്ജു വിശ്വനാഥ് സാംസണ്‍ ആയിരുന്നു ടീമിലെ മലയാളി സാന്നിദ്ധ്യം. ഇത്തവണ മലയാളി താരമാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിലെ താരം എന്നതാണ് ഏറ്റവും അഭിമാനം പകരുന്ന കാര്യം. അടുത്തിടെ ശ്രീശാന്തും ഹര്‍ഭജന്‍ സിംഗും തമ്മിലുള്ള പോഡ്കാസ്റ്റില്‍ ഇക്കാര്യം എടുത്ത് പറയുകയും ചെയ്തു. ഒരു പഞ്ചാബിയും മലയാളിയും ടീമിലുള്ളപ്പോഴെല്ലാം കപ്പ് നേടി എന്നതായിരുന്നു ഇരുവരും ചര്‍ച്ച ചെയ്ത കാര്യം.


Source link

Related Articles

Back to top button