‘മലയാളത്തിലെ കുറ്റാരോപിതനേക്കാൾ നൂറിരട്ടി ശക്തൻ, അയാൾ മോശം രീതിയിൽ സ്പർശിച്ചു; ചിന്മയി പറഞ്ഞത്’

പ്രമുഖ ഗാനരചയിതാവിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം ധൈര്യപൂർവം വെളിപ്പെടുത്തിയ ഗായികയാണ് ചിന്മയി ശ്രീപാദ. മലയാള സിനിമാലോകത്ത് യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പിന്തുണയുമായെത്തിയ മറ്റുനടിമാർക്കുണ്ടായ പ്രശ്നം തന്നെയാണ് ചിന്മയിക്കും ഉണ്ടായത്. ഇപ്പോഴിതാ ചിന്മയിയുടെ അതിജീവനത്തെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരിക്കുകയാണ്.
‘തമിഴ് സിനിമാലോകത്തെ പ്രശ്നങ്ങൾക്കെതിരെ പോരാടിയ ഗായികയാണ് ചിന്മയി ശ്രീപാദ. അവിടെ അവർക്ക് പിന്തുണയുമായി ഒരു സംഘടനകളോ സഹപ്രവർത്തകരോ ഉണ്ടായിരുന്നില്ല. കാരണം അവർ ആക്ഷേപമുയർത്തിയ വ്യക്തി മലയാളത്തിലെ കുറ്റാരോപിതനെക്കാൾ നൂറിരട്ടി ശക്തനാണ്. സംഗീത സംവിധായകൻ എ ആർ റഹ്മാൻ എയ്ഞ്ചൽ ഒഫ് മ്യൂസിക്കെന്ന് വിശേഷിപ്പിച്ച ഗായികയാണ് ചിന്മയി. 7500ൽ അധികം സിനിമാഗാനങ്ങളെഴുതിയ വ്യക്തിയും നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയ വൈരമുത്തുവിനെതിരെയാണ് ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ഗാനരചയിതാവിനുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ വ്യക്തിയാണ് അദ്ദേഹം. ഇക്കാരണങ്ങൾ കൊണ്ടാകാം ചിൻമയിക്ക് പിന്തുണയുമായി സിനിമാലോകത്ത് നിന്ന് പരസ്യമായി ആരും എത്താത്തത്.
2006ൽ ഒരു സംഗീത ആൽബത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് സ്വിറ്റ്സർലൻഡിൽ പോയപ്പോഴുണ്ടായ അനുഭവമാണ് ചിന്മയി വെളിപ്പെടുത്തിയത്. പരിപാടി കഴിഞ്ഞപ്പോൾ ചിന്മയിയോടും അമ്മയോടും ഒരുദിവസം കൂടി അവിടെ നിൽക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. അടുത്തുള്ള ഹോട്ടലിൽ വൈരമുത്തു താമസിക്കുന്നുണ്ടെന്നും അവിടെയെത്തി അദ്ദേഹത്തെ കാണണമെന്നും സഹകരിക്കണമെന്നും സംഘാടകരിലൊരാൾ ചിൻമയിയോട് പറഞ്ഞു. അത് നിഷേധിച്ചപ്പോൾ കരിയർ അവസാനിക്കുമെന്നും സംഘാടകൻ ചിന്മയിയെ ഭീഷണിപ്പെടുത്തി. വൈരമുത്തുവിൽ നിന്ന് നേരിട്ടുണ്ടായ അനുഭവവും അവർ വെളിപ്പെടുത്തി.
ഒരു ഡോക്യുമെന്റിന്റെ ഭാഗമായി വൈരമുത്തുവിന്റെ വസതിയിൽ പോകേണ്ടി വന്നെന്നും അവിടെവച്ച് വൈരമുത്ത് മോശം രീതിയിൽ സ്പർശിച്ചെന്നും കെട്ടിപ്പിടിച്ചെന്നും ചിന്മയി പറഞ്ഞു. ഇത് തമിഴ്നാട്ടിൽ വലിയ പ്രശ്നമായി. അവർ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. വൈരമുത്തു ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ചെയ്തു. ഇതോടെ ചിന്മയിയുടെ ഉപജീവനമാർഗവും അവസാനിച്ചു. അംഗത്വ ഫീസടച്ചില്ലെന്ന് പറഞ്ഞ് ചിന്മയിയെ ഡബ്ലിംഗ് അസോസിയേഷനിൽ നിന്നും പുറത്താക്കി.
ചിന്മയിക്ക് ഇപ്പോൾ കോടതി ഇടപെട്ടതിനു ശേഷം ഭാഗികമായ ആശ്വാസം ലഭിച്ചിട്ടുണ്ടെങ്കിലും സിനിമയിലെ നിഴൽ വിലക്ക് ഇപ്പോഴും പൂർണമായി മാറിയിട്ടില്ല. എന്നാൽ തമിഴ ഒഴികെ മിക്കവാറും ഭാഷകളിലും അവർ ഇപ്പോൾ സജീവമാണ്. നീണ്ട വിലക്കിനു ശേഷം അവർക്ക് തമിഴിൽ ഒരു തിരിച്ചുവരവ് ഉണ്ടായത് 2025ൽ പുറത്തിറങ്ങിയ മണിരത്നം- കമലഹാസൻ ചിത്രമായ തഗ് ലൈഫ് എന്ന ചിത്രത്തിൽ ഒരു ഗാനം പാടിയാണ്. ഇത്രയൊക്കെ പ്രതിസന്ധികൾ നേരിട്ടിട്ടും ചിന്മയയുടെ പോരാട്ട വീര്യത്തിന് അല്പം പോലും മങ്ങലേറ്റിട്ടില്ല അവർ അവരുടെ നിലപാടുകളിൽ തന്നെ ഉറച്ചു നിൽക്കുകയാണ്’- ആലപ്പി അഷ്റഫ് പറഞ്ഞു.
Source link



