ആഷസ് പരമ്പരയിൽ രണ്ടാമതും ഇംഗ്ലണ്ടിന് ദയനീയ തോൽവി, പോരുതിയിട്ടും ഫലമില്ല

ബ്രിസ്‌ബെയ്ൻ: ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരവും ഇംഗ്ലണ്ടിന് ദയനീയ തോൽവി. എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തകർത്തത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഓസീസ് 20ന് മുന്നിലാണ്. നാലാം ദിനം ബെൻ സ്റ്റോക്സും (50) വിൽ ജാക്ക്സും (41) നടത്തിയ ചെറുത്തുനിൽപ്പ് മാത്രമാണ് ഇംഗ്ലണ്ടിന് ഏക ആശ്വാസമായത്. മൂന്നാം ദിവസത്തെ ബാറ്റിംഗ് തകർച്ചയ്ക്ക് ശേഷമാണ് ഇരുവരും ക്രീസിലെത്തിയത്. ഏഴാം വിക്കറ്റിൽ 96 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഓസ്‌ട്രേലിയയുടെ വിജയത്തെ ഇരുവരും ചേർന്ന് വൈകിപ്പിച്ചിരുന്നു.
മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനേക്കാൾ 43 റൺസ് പിന്നിലായിരുന്ന ഇംഗ്ലണ്ട്, നാലാം ദിനം സ്റ്റോക്സിന്റെയും ജാക്ക്സിന്റെയും തോളിലേറി ലീഡ് 47 റൺസ് വരെയാക്കി ഉയർത്തി. എന്നാൽ, സ്ലിപ്പിൽ സ്റ്റീവ് സ്മിത്ത് എടുത്ത അമ്പരപ്പിക്കുന്ന ക്യാച്ച് ജാക്ക്സിന്റെ വിക്കറ്റെടുത്തതോടെ ഇംഗ്ലീഷ് ചെറുത്തുനിൽപ്പ് അവസാനിച്ചു. തൊട്ടടുത്ത ഓവറിൽ അർദ്ധ സെഞ്ചുറി നേടിയ സ്റ്റോക്ക്സിനെ (50) മൈക്കിൾ നെസർ പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു.
സ്വന്തം മണ്ണിൽ മികച്ച പ്രകടനം കാഴ്ചവച്ച മൈക്കിൾ നെസർ 42 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി കരിയറിലെ ഏറ്റവും മികച്ച വിക്കറ്റ് നേട്ടം സ്വന്തമാക്കി. 65 റൺസ് മാത്രം വിജയലക്ഷ്യം വേണ്ടിയിരുന്ന ഓസീസ് 10 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ ട്രെവിസ് ഹെഡ്ഡിനെയും (22) മാർനസ് ലബുഷെയ്‌നെയും (3) പുറത്താക്കി ഗുസ് ആറ്റ്കിൻസൺ ഇംഗ്ലണ്ടിന് നേരിയ ആശ്വാസം നൽകി. എന്നാൽ, ക്രീസിലെത്തിയ സ്റ്റീവ് സ്മിത്ത് (9 പന്തിൽ 23 റൺസ്,) മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. പേസർ ജോഫ്ര ആർച്ചറുമായി തീപ്പൊരി വാക്കുതർക്കത്തിന് ശേഷം, സ്മിത്ത് അതേ ഓവറിൽ തന്നെ രണ്ട് ഫോറുകളും ഒരു സിക്സും പറത്തി. ആറ്റ്കിൻസനെതിരെ ഒരു സിക്സറിലൂടെ സ്മിത്ത് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിക്കുകയായാരിരുന്നു.
Source link



