മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കോടതി വെറുതെവിട്ടു, സിബിഐയ്ക്ക് തിരിച്ചടി

ന്യൂഡൽഹി: ഡൽഹിമദ്യനയ അഴിമതികേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി. മദ്യനയത്തിലെ അഴിമതിയിൽ സിബിഐ എടുത്ത കേസിലാണ് റോസ് അവന്യൂ കോടതിയുടെ നടപടി. തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.
ഫെബ്രുവരി 12ന് സിബിഐയുടെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷം കോടതി വിധി പറയാനായി മാറ്റിവച്ചിരുന്നു. കെജ്‌രിവാളിനും സിസോദിയയ്ക്കും പുറമെ കേസിൽ ഉൾപ്പെട്ടിരുന്ന മറ്റ് 21 പേരെയും കോടതി വെറുതെവിട്ടിട്ടുണ്ട്. റദ്ദാക്കപ്പെട്ട ഡൽഹി മദ്യനയത്തിൽ അനുകൂലമായ മാറ്റങ്ങൾ വരുത്താൻ സൗത്ത് ലോബിയിൽ നിന്ന് 100 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു സിബിഐയുടെ ആരോപണം.
കെജ്‌രിവാൾ, സിസോദിയ, കെ കവിത തുടങ്ങി 23 പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഈ ഗൂഢാലോചനയിൽ എല്ലാവർക്കും പങ്കുണ്ടെന്നും വിചാരണ നേരിടാൻ ആവശ്യമായ തെളിവുകൾ ഉണ്ടെന്നുമാണ് അഡീഷണൽ സോളിസിറ്റർ ജനറൽ ഡിപി സിംഗ് കോടതിയിൽ വാദിച്ചത്.
കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരൻ സിബിഐയുടെ ആരോപണങ്ങളെ ശക്തമായി എതിർത്തു. ആദ്യത്തെ മൂന്ന് അനുബന്ധ കുറ്റപത്രങ്ങളിലും കെജ്രിവാളിന്റെ പേരുണ്ടായിരുന്നില്ല.നാലാമത്തെ കുറ്റപത്രത്തിൽ മാത്രമാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകൾ മാത്രമാണ് അദ്ദേഹം നിർവഹിച്ചത്. ഗൂഢാലോചനയുമായി ബന്ധിപ്പിക്കാൻ കെജ്‌രിവാളിനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും പ്രതിഭാഗം വാദിച്ചു. ദീർഘനാളത്തെ നിയമപോരാട്ടത്തിനൊടുവിൽ കോടതി വിധി എഎപി ക്യാമ്പിന് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
Source link



