മണ്ഡല കാലത്ത് മാത്രം ശബരിമലയിലെ ബാങ്കുകളിൽ നിക്ഷേപിച്ചത് 19 കോടി, മാളികപ്പുറം മേൽശാന്തി നിക്ഷേപിച്ചത് 45 ലക്ഷം

കൊച്ചി: കഴിഞ്ഞ മണ്ഡല കാലത്ത് ശബരിമല സന്നിധാനത്തെ ബാങ്കുകളിൽ വൻതോതിൽ പണം നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തി. സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തലുകൾ ഉള്ളത്. സന്നിധാനത്തെ എസ്.ബി.ഐ ശാഖയിൽ എട്ട് കോടിയിലധികം രൂപയും ധനലക്ഷ്മി ബാങ്കിൽ 11 കോടിയിലധികം രൂപയുടെയും നിക്ഷേപം നടന്നിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. മാളികപ്പുറം മേൽശാന്തി മാത്രം ഇക്കാലയളവിൽ 46.5 ലക്ഷം രൂപയാണ് നിക്ഷേപിച്ചതെന്ന വിവരവും പുറത്തുവന്നു.എസ്.ബി.ഐയിൽ 1667 ഇടപാടുകളാണ് നടന്നത്. ധനലക്ഷ്മ ബാങ്കിൽ ആകട്ടെ 942 ഇടപാടുകളും. ശബരിമലയിലെ ദിവസ വേതനക്കാർ മുതൽ സ്ഥിരജീവനക്കാർ വരെ നടത്തിയ. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. മണ്ഡല- മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളിൽ വലിയ നിക്ഷേപം നടന്നത്. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലായിരുന്നു ഇടപാടുകൾ. നിക്ഷേപം നടത്തിയവരിൽ ദേവസ്വംബോർഡിലെ ദിവസവേതനക്കാർ , കീഴ്‌ശാന്തിമാർ, ഹോട്ടൽ ഉടമകൾ, സന്നിധാനത്തിലെ മറ്റ് ജീവനക്കാർ എന്നിവരും ഉൾപ്പെടുന്നുവെന്നാണ് കണ്ടെത്തൽ . ഭക്തർ കൊണ്ടുവരുന്ന പൂജാസാധനങ്ങൾ, നാണയത്തുട്ടുകൾ, നോട്ടുകൾ തുടങ്ങി പല രീതിയിലാണ് ജീവനക്കാർ പണം സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. സന്നിധാനത്തെ ബാങ്ക് വിവരങ്ങൾ നൽകാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.
Source link



