LATEST

ഭർത്താവ് മെർക്കുറി കുത്തിവെച്ചു കൊല്ലാൻ ശ്രമിച്ചു; ഒമ്പത് മാസത്തെ പോരാട്ടത്തിനൊടുവിൽ വിദ്യ വിടപറഞ്ഞു

ബംഗളൂരു: ഭർത്താവ് മെർക്കുറി കുത്തിവച്ച് കൊലപ്പെടുത്താൻ നോക്കിയതിനെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ഒമ്പത് മാസത്തോളം ജീവനുവേണ്ടി നടത്തിയ പോരാട്ടത്തിന് ഒടുവിലായിരുന്നു വിദ്യയുടെ മരണം. ബംഗളൂരുവിൽ നിന്ന് ഏകദേശം 28 കിലോമീറ്റ‌ർ അകലെയുള്ള കർണാടകയിലെ ആറ്റ‌ിബെലെയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.

ഭർത്താവിൽ നിന്നും അയാളുടെ പിതാവിൽ നിന്നും നിരന്തര പീഡനവും അധിക്ഷേപവും അവഗണനയും നേരിട്ടിരുന്നതായി ഗുരുതരാവസ്ഥയിൽ ആകുന്നതിന് മുൻപ് വിദ്യ മൊഴി നൽകിയിരുന്നു. തന്നെ ഭ്രാന്തി എന്ന് വിളിച്ച് ആക്ഷേപിച്ച് വീട്ടിൽ പൂട്ടിയിടുമായിരുന്നെന്നും ബന്ധുക്കളുടെ വീടുകളിൽ പോകാൻ അനുവദിക്കില്ലായിരുന്നെന്നും വിദ്യ മരണമൊഴി നൽകി. ഫെബ്രുവരി 26-ാം തീയതി ഉറങ്ങാൻ കിടന്ന തനിക്ക് ബോധം വന്നത് പിറ്റേ‌ദിവസം വൈകുന്നേരമാണെന്നും ഉണർന്നപ്പോൾ വലതുകൈയിൽ കുത്തേറ്റതു പോലുള്ള വേദന അനുഭവപ്പെട്ടതായും യുവതി പറഞ്ഞു.

ആരോഗ്യ നില മോശമായതിനെത്തുടർന്ന് മാർച്ച് 7ന് ആറ്റിബെലെയിലെ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഓക്‌സ്ഫോർഡ് ആശുപത്രിയിലേക്ക് റഫർ ചെയ്‌തു. അവിടെ നടത്തിയ പരിശോധനയിൽ വിദ്യയുടെ ശരീരത്തിൽ മെർക്കുറിയുടെ സാന്നിദ്ധ്യം കണ്ടെത്തി. ശസ്‌ത്രക്രിയയ്‌ക്കു ശേഷം സാമ്പിളുകൾ പരിശോധിച്ചപ്പോഴും മെർക്കുറിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഏകദേശം ഒരു മാസത്തോളം അവിടെ ചികിത്സ തുടർന്നു. പിന്നീട് വിക്‌ടോറിയ ആശുപത്രിയിലേക്ക് മാറ്റ‌ി. അവിടെ നടത്തിയ പരിശോധനയിൽ വിഷം ശരീരമൊട്ടാകെ പടർന്നതായും വൃക്കകൾ ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ തകരാറിലായതായും ഡോക്‌ടർമാർ കണ്ടെത്തി. പിന്നീട് ഡയാലിസിലൂടെയാണ് ജീവൻ നിലനിർത്തിയത്.

വിദ്യയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ബസവരാജിനും അയാളുടെ പിതാവ് മാരിസ്വാമാചാരിക്കും എതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റ‌ർ ചെയ്തു. ഇരുവരും തന്നെ മെർക്കുറി കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു വിദ്യയുടെ മൊഴി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button