ഭൂമിയുടെ പേരിൽ തർക്കം, തുടർന്ന് തലയില്ലാതെ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി, പിന്നാലെ 5000 പേർ മാരകായുധങ്ങളുമായി ഏറ്റുമുട്ടി

ഭുവനേശ്വർ: സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഒഡീഷയിലെ രണ്ട് ഗ്രാമങ്ങൾ തമ്മിൽ സംഘർഷം. മൽകാൻഗിരി ജില്ലയിലെ ഗോത്രവിഭാഗക്കാരും സമീപത്തുള്ള ഗ്രാമത്തിലെ ബംഗാളി ഭാഷ സംസാരിക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവം വൻ കലാപത്തിലേക്കും അക്രമസംഭവങ്ങളിലേക്കും നീങ്ങിയതോടെ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചു. സ്ഥലത്ത് കനത്ത പൊലീസ് കാവൽ തുടരുകയാണ്. ഞായറാഴ്ച ഉച്ചമുതലാണ് പ്രദേശത്ത് അക്രമസംഭവങ്ങൾ അരങ്ങേറിയത്.
ഗോത്രവിഭാഗത്തിൽപ്പെട്ട 51കാരിയുടെ മൃതദേഹം നദിയിൽനിന്ന് കണ്ടെടുത്താണ് സംഭവങ്ങളുടെ തുടക്കം. തലയില്ലാത്ത നിലയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഭൂമിതർക്കവുമായി ബന്ധപ്പെട്ടാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. അടുത്തിടെ അയൽഗ്രാമത്തിലെ ഒരാൾക്ക് സ്ത്രീ തന്റെ ഭൂമിയുടെ ഒരുഭാഗം പാട്ടത്തിന് നൽകിയിരുന്നു. എന്നാൽ, പിന്നീട് ഈ പാട്ടക്കരാർ റദ്ദാക്കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതിനുപിന്നാലെയാണ് സ്ത്രീയുടെ ഗ്രാമത്തിലുള്ളവർ അയൽഗ്രാമത്തിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടത്. ഏകദേശം 5000ഓളം പേരാണ് മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തിയതെന്നും നിരവധി വീടുകൾ അഗ്നിക്കിരയാക്കിയെന്നാണ് റിപ്പോർട്ട്.
Source link



