LATEST

ഭീഷണിയുമായി ട്രംപ് : മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിറുത്തും

വാഷിംഗ്ടൺ: ‘മൂന്നാം ലോക രാജ്യങ്ങളിൽ ” നിന്ന് രാജ്യത്തേക്കുള്ള കുടിയേറ്റം എന്നന്നേക്കുമായി നിറുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. ഇതിലൂടെ യു.എസ് സംവിധാനങ്ങളെ പൂർണമായും വീണ്ടെടുക്കുമെന്നും പറഞ്ഞു. വൈറ്റ് ഹൗസിന് സമീപം അഫ്ഗാൻ പൗരന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന നാഷണൽ ഗാർഡ് (റിസേർവ് സേനാ വിഭാഗം) അംഗം മരിച്ചതോടെയാണ് ട്രംപ് രംഗത്തെത്തിയത്.

‘ യു.എസിന് ഗുണമില്ലാത്തവരെയെല്ലാം നീക്കും. പൗരന്മാരല്ലാത്തവർക്കുള്ള ഫെഡറൽ ആനുകൂല്യങ്ങളും സബ്സിഡികളും നിറുത്തും. ആഭ്യന്തര സമാധാനത്തിന് തുരങ്കം വയ്ക്കുകയോ സുരക്ഷാ ഭീഷണി സൃഷ്ടിക്കുകയോ ചെയ്യുന്നവരെ നാടുകടത്തും” -ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വെടിവയ്പിന്റെ പശ്ചാത്തലത്തിൽ അഫ്ഗാൻ പൗരന്മാരുടെ കുടിയേറ്റ അപേക്ഷകളുമായി ബന്ധപ്പെട്ട നടപടികൾ യു.എസ് അനിശ്ചിതകാലത്തേക്ക് നിറുത്തിവച്ചു. 2021ൽ അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടപിന്നാലെ ലക്ഷക്കണക്കിനാളുകൾ അവിടെനിന്ന് പരിശോധനയില്ലാതെ യു.എസിലെത്തിയെന്ന് ട്രംപ് ആരോപിച്ചു.


ബുധനാഴ്ചയാണ് വാഷിംഗ്ടൺ ഡി.സിയിൽ സാറ ബെക്സ്ട്രോം (20), ആൻഡ്രൂ വുൾഫ് (24) എന്നീ നാഷണൽ ഗാർഡ് അംഗങ്ങളെ റഹ്‌മാനുള്ള ലകാൻവൽ (29) എന്നയാൾ വെടിവച്ചത്. ചികിത്സയിലിരിക്കെ സാറ മരിച്ചെന്ന് ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെയാണ് ട്രംപ് അറിയിച്ചത്. വുൾഫിന്റെ നില ഗുരുതരമാണ്. എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു.

# ‘മൂന്നാം ലോക രാജ്യങ്ങളി “ൽ വ്യക്തതയില്ല

‘മൂന്നാം ലോക രാജ്യങ്ങൾ ” ഏതാണെന്ന് ട്രംപോ വൈറ്റ് ഹൗസോ വ്യക്തമാക്കിയിട്ടില്ല. യു.എസ് ഇമിഗ്രേഷൻ നിയമങ്ങളിൽ മൂന്നാം ലോക രാജ്യങ്ങളെ നിർവചിക്കുന്നില്ല. ശീതയുദ്ധകാലത്ത് യു.എസിന്റെയോ സോവിയറ്റ് യൂണിയന്റെയോ പക്ഷം ചേരാതെ നിന്ന രാജ്യങ്ങളെയാണ് മൂന്നാം ലോക രാജ്യങ്ങളെന്ന് വിശേഷിപ്പിച്ചിരുന്നത്. ആധുനിക കാലത്ത് ദരിദ്ര, വികസ്വര രാജ്യങ്ങളെ പാശ്ചാത്യർ ഈ പദത്തിലൂടെ അനൗദ്യോഗികമായി സൂചിപ്പിക്കാറുണ്ടെങ്കിലും യു.എൻ പോലുള്ള സംഘടനങ്ങൾ ഉപയോഗിക്കുന്നില്ല. അതിനാൽ ഏതൊക്കെ രാജ്യങ്ങൾ പട്ടികയിൽ വരുമെന്ന് യു.എസ് തന്നെ വ്യക്തമാക്കണം.

ബൈഡൻ ‘ഉറക്കംതൂങ്ങി”


അനധികൃത കുടിയേറ്റത്തിന് മുൻ പ്രസിഡന്റ് ജോ ബൈഡനെ ട്രംപ് കുറ്റപ്പെടുത്തി. ‘ഉറക്കംതൂങ്ങി” ബൈഡൻ ഓട്ടോമാറ്റിക് പേനയിലൂടെ ലക്ഷക്കണക്കിന് നിയമ വിരുദ്ധ കുടിയേറ്റങ്ങൾക്ക് അനുമതി നൽകിയെന്നും അതെല്ലാം താൻ അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. നേരത്തെ അഫ്ഗാനിൽ യു.എസ് സൈനികരെ സഹായിച്ചിരുന്ന റഹ്‌മാനുള്ള 2021ൽ ബൈഡന്റെ പുനരധിവാസ പദ്ധതി പ്രകാരമാണ് രാജ്യത്തെത്തിയത്. എന്നാൽ ട്രംപ് സർക്കാരാണ് ഇക്കൊല്ലം ഇയാൾക്ക് അഭയാർത്ഥി പദവി നൽകിയത്.

# ഗ്രീൻ കാർഡ്

പുനഃപരിശോധിക്കും

1. ട്രംപിന്റെ നിർദ്ദേശപ്രകാരം അഫ്ഗാനിസ്ഥാൻ,​ മ്യാൻമർ,​ വെനസ്വേല,​ യെമൻ തുടങ്ങി 19 രാജ്യങ്ങളിലെ പൗരന്മാരുടെ ഗ്രീൻ കാർഡുകൾ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് പുനഃപരിശോധിക്കും. ഇന്ത്യക്കാരെ ബാധിക്കില്ല. ബൈഡൻ ഭരണകൂടം അംഗീകരിച്ച അഭയ കേസുകളും പരിശോധിക്കും

2. അഫ്ഗാനിസ്ഥാൻ,​ മ്യാൻമർ,​ ബുറുൻഡി,​ ചാഡ്,​ റിപ്പബ്ലിക് ഒഫ് കോംഗോ,​ ക്യൂബ,​ ഇക്വറ്റോറിയൻ ഗിനി, എറിത്രിയ,​ ഹെയ്‌‌തി,​ ഇറാൻ,​ ലാവോസ്,​ ലിബിയ,​ സിയെറ ലിയോൺ,​ സൊമാലിയ,​ സുഡാൻ,​ ടോഗോ,​ തുർക്ക്‌മെനിസ്ഥാൻ,​ വെനസ്വേല,​ യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാരുടെ ഗ്രീൻ കാർഡുകളാണ് പുനഃപരിശോധിക്കുക. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് ഇക്കഴിഞ്ഞ ജൂണിൽ യു.എസ് പൂർണമായോ ഭാഗികമായോ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button