നിലച്ചു, ആ ഗന്ധർവ്വ ഈണം: എസ്.പി. വെങ്കിടേഷിന് വിട

ചെന്നൈ: വിണ്ണിലെ ഗന്ധർവ്വ വീണകൾ പാടുന്ന ഈണങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (70) ഓർമ്മയായി. ഇന്നലെ രാവിലെ പത്തിന് ചെന്നൈ ആൽപാക്കം ഗണപതിനഗർ തെരുവിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ടോയ്ലെറ്റിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്നുച്ചയ്ക്ക് 1.130ന് ചെന്നൈ പോരൂർ ശ്മശാനത്തിൽ.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി ചിത്രങ്ങളിൽ അദ്ദേഹം ഈണമൊരുക്കി. മലയാളികൾക്കാണ് അദ്ദേഹത്തിന്റെ മാന്ത്രിക ഈണങ്ങൾ ആവോളം ലഭിച്ചത്. 1955 മാർച്ച് 5ന് പഴനി- ഭാഗ്യം ദമ്പതികളുടെ മകനായി ചെന്നൈയിൽ ജനനം. മാൻഡലിൻ വാദകനായിരുന്ന പിതാവിന്റെ ശിക്ഷണത്തിൽ മൂന്നു വയസുമുതൽ മാൻഡലിൻ പഠിച്ച അദ്ദേഹം സംഗീത സംവിധായകരായ രവീന്ദ്രൻ, എ.ടി. ഉമ്മർ തുടങ്ങിയവരുടെ സഹായിയായാണ് സിനിമയിലെത്തിയത്.
1981ൽ തെലുങ്ക് ചിത്രം ‘പ്രേമയുദ്ധ’യിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി.1986ൽ സത്യൻ അന്തിക്കാടിന്റെ ‘ടി.പി. ബാലഗോപാലൻ എം.എ”യിൽ എ.ടി. ഉമ്മറിന്റെ സഹായിയായിരുന്ന അദ്ദേഹം ഈ സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കി. 1986ൽ തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകനി”ലെ സംഗീതവും പശ്ചാത്തല സംഗീതവും മലയാളികളെ ത്രസിപ്പിച്ചു. പിന്നെയങ്ങോട്ട് സൂപ്പർഹിറ്റുകളുടെ നിര. ‘സംഗീതരാജൻ” എന്നപേരും കൈവന്നു.
വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ, ദൗത്യം, ധ്രുവം, കൗരവർ, ജോണിവാക്കർ, കിലുക്കം, ദേവാസുരം, വാത്സല്യം, കാബൂളിവാല, സൈന്യം, മിന്നാരം, കാശ്മീരം, സ്ഫടികം, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കി. 1993ൽ പൈതൃകം, ജനം സിനിമകളിലെ സംഗീതസംവിധാനത്തിന് കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.
ഭാര്യ: വി. കൃഷ്ണവേണി, മക്കൾ: വി. ഗോപാലകൃഷ്ണൻ (കീബോർഡ് ആർട്ടിസ്റ്റ്), വി. സുഭാഷിണി, വി. സുകുമാർ (കീബോർഡ് ആർട്ടിസ്റ്റ്). മരുമക്കൾ: ജി. അരുണ ഗോപാലകൃഷ്ണൻ, രജനികാന്ത് (എൻജിനിയർ), ഗൗരി സുകുമാർ.
Source link



