CINEMA

ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൃതദേഹത്തിന് സമീപം മകനെ മടിയിലിരുത്തി പ്രതി


ന്യൂഡൽഹി: കുടുംബ കലഹത്തെത്തുടർന്ന് യുവതിയെ ഭർ‌ത്താവ് ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തെക്കൻ ഡൽഹിയിലെ പുൽ പ്രഹ്ലാദ്പൂരിലായിരുന്നു സംഭവം. പൂനം എന്ന യുവതിയെ ഭർത്താവ് സുരേഷാണ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിലെടുത്തു.
ഒരു മാസം മുമ്പാണ് ദമ്പതികൾ ഡിഡിഎ ഹൗസിംഗ്‌ കോംപ്ലക്സിലേക്ക് താമസം മാറിയത്. ശനിയാഴ്ച രാത്രി പൂനത്തിന്റെ വീട്ടിൽ നിന്നും നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യമാണ്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വീട്ടുടമസ്ഥന്റെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന പൂനത്തിന്റെ മൃതദേഹമാണ് കണ്ടത്. മൃതദേഹത്തിന് സമീപം രക്തം പുരണ്ട സിലിണ്ടറും ഉണ്ടായിരുന്നു. കൊലയ്ക്ക് പിന്നാലെ തന്റെ ഒന്നരവയസുള്ള കുഞ്ഞിനെ മടിയിലിരുത്തി തറയിൽ ഇരിക്കുകയായിരുന്നു പ്രതി. ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്. ഇതിൽ മൂത്തകുട്ടി മുത്തശ്ശിക്കൊപ്പമായിരുന്നു. ഭാര്യയോടുള്ള കടുത്ത സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇയാൾ നിരന്തരം ഭാര്യയെ സംശയിച്ചിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകി. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തതാണോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.


Source link

Back to top button