ഭാര്യയുടെ 23 മണിക്കൂർ നീണ്ട പ്രസവ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് യുവാവ്, സ്വകാര്യ ദൃശ്യങ്ങളും വീഡിയോയിൽ

പ്രസവത്തിന്റെ വീഡിയോകൾ ചിത്രീകരിക്കുന്നത് ഇടക്കാലത്ത് ട്രെൻഡായി മാറിയിരുന്നു. കേരളത്തിൽ അടുത്തിടെ നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഭാര്യയുടെ 23 മണിക്കൂർ നീണ്ട പ്രസവ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് വ്യാപക വിമർശനം നേരിടുകയാണ് ചൈനീസ് ഇൻഫ്ലുവൻസർ. പോൾ ഇൻ യു.എസ്.എ എന്ന പേരിൽ ചൈനീസ് സമൂഹമാദ്ധ്യമങ്ങളിൽ പ്രശസ്തനായ ആളാണ് ഭാര്യയുടെ പ്രസവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പുറത്തുവിട്ടത്. 12 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ഇയാൾക്കുള്ളത്. പ്രസവാനന്തരം അനുഭവിക്കുന്ന കഠിനമായ രക്തസ്രാവം മുതൽ ഭാര്യയുടെ നഗ്ന ശരീരം മുതൽ വീഡിയോയിൽ ഉൾപ്പെടുന്നു. സ്വകാര്യമായ ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷമായ പ്രതികരണമാണ് ഇയാൾക്കെതിരെ ഉയരുന്നത്.
23 മണിക്കൂർ നീണ്ടുനിന്ന പ്രസവം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നെന്ന് പോൾ വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു. സിസേറിയൻ ആയിരുന്നു പ്രസവം. പ്രസവാനന്തരം രക്തസ്രാവവും ഉണ്ടായി. ഏതാണ്ട് 3.344 മില്ലി ലിറ്റർ രക്തം നഷ്ടപ്പെട്ടു. അടിയന്തര ശസ്ത്രക്രിയക്കും രക്തനഷ്ടത്തിനും ശേഷം അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നും ഇയാൾ വെളിപ്പെടുത്തി. അതേസമയം ഇത്രയും സങ്കീർണമായ പ്രസവം നടക്കുമ്പോൾ പ്രസവമുറിയിൽ ക്യാമറ ചിത്രീകരണം തുടർന്നതിനെതിരെയാണ് വിമർശനം ഉയർന്നത്. വീഡിയോക്കിടയിൽ ഡയപ്പറിന്റെ പരസ്യം ചേർത്തതും പ്രമോഷണൽ സ്ക്രിപ്ട് വായിച്ചതും വിമർശനം കൂട്ടി.
സംഭവം വിവാദമായതിന് പിന്നാലെ പോളിന്റെ ഭാര്യ തന്നെ വിശദീകരണവുമായി നേരിട്ടെത്തി, പ്രസവ പ്രക്രിയയെക്കുറിച്ചുള്ള അറിവ് പകരുകയായിരുന്നു ലക്ഷ്യമെന്നും സങ്കീർണതകൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ വിശദമാക്കി. പ്രസവത്തിന്റെ അപകട സാദ്ധ്യതയും പ്രവചനാതീതയും മനസിലാക്കാൻ വീഡിയോ സഹായിച്ചതായി ചിലർ പറഞ്ഞതായും അവർ കൂട്ടിച്ചേർത്തു. എന്നാൽ ഭാര്യയുടെ വിശദീകരണം വിവാദം കൂടുതൽ വഷളാക്കിയതേയുള്ളൂ. പിന്നാലെ സമൂഹ മാദ്ധ്യമ നിയമങ്ങളും ചട്ടങ്ങളും നയങ്ങളും ലംഘിച്ചതിന് പോൾ ഇൻ യു.എസ്.എ എന്ന അക്കൗണ്ട് തന്നെ ഡ്യൂയിൻ എന്ന ചൈനീസ് സമൂഹ മാദ്ധ്യമം പൂട്ടിക്കെട്ടി,
Source link



