LATEST

ഭരണഘടന വിരുദ്ധ പ്രസംഗം; തുടരന്വേഷണത്തിലും  തെളിവില്ല, മന്ത്രി സജി ചെറിയാന് വീണ്ടും ക്ളീൻ ചിറ്റ്

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് വീണ്ടും ക്ളീൻ ചിറ്റ്. തുടരന്വേഷണത്തിലും തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. വിവാദ പ്രസംഗം ഫേസ്‌ബുക്കിൽ ലൈവ് ചെയ്ത മൊബൈൽ കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രസംഗം ലൈവ് ചെയ്ത അക്കൗണ്ട് നശിപ്പിക്കപ്പെട്ടതായും ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. ശാസ്‌ത്രീയ തെളിവുകൾ ശേഖരിക്കാൻ കഴിയാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കണമെന്നും ക്രൈംബ്രാ‌ഞ്ച് ശുപാർശ നൽകി. അതേസമയം, തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കിയിരിക്കുകയാണ്. അന്വേഷണപ്പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് മടക്കിയത്.

രാജി ഉൾപ്പെടെയുള്ള സംഭവങ്ങളിലേക്ക് നയിച്ച സജി ചെറിയാന്റെ വിവാദ പ്രസംഗമുണ്ടായത് സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു. ബ്രിട്ടീഷുകാർ തയ്യാറാക്കിയ ഭരണഘടന സാധാരണക്കാരെ കൊള്ളയടിക്കാൻ സഹായിക്കുന്നതാണെന്നായിരുന്നു വിവാദപരാമർശം. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയതോടെ അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.

വിവാദപ്രസംഗത്തിൽ നേരത്തെ ലോക്കൽ പൊലീസ് നൽകിയ ക്ളീൻ ചിറ്റ് ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണത്തിൽ വീഴ്‌ചയുണ്ടായെന്നായിരുന്നു കോടതി നിരീക്ഷണം. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തണമെന്ന് കർശന നിർദേശവും നൽകി. പിന്നാലെയാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.


Source link

Related Articles

Back to top button