ബൂം ബൂം… സഞ്ജു: പുതു ചരിത്രം , ഇന്ത്യ തുടർച്ചയായി ട്വന്റി- 20 ലോകകപ്പ് ജേതാവ്

അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കണ്ട സ്വപ്നം സഞ്ജുവും കൂട്ടരും നൂറുമേനി സഫലമാക്കി. സഞ്ജു സാംസൺ വിളക്കിയ ലോകകപ്പിന് ഇന്ത്യയുടെ അഭിമാനമുത്തം. ഇന്നലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെ 96 റൺസിന് കീഴടക്കി സൂര്യകുമാർ യാദവും സംഘവും ട്വന്റി- 20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടപ്പോൾ സന്തോഷം കൊണ്ട് നിറയുകയായിരുന്നു സഞ്ജുവിന്റെ സ്വന്തം കേരളം. സഞ്ജുവാണ് മാൻ ഒഫ് ദ ടൂർണമെന്റ്. ജസ്പ്രിത് ബുംറ ഫൈനലിൽ മാൻ ഒഫ് ദ മാച്ച്. ഈ ലോകകപ്പിൽ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറിയുമായാണ് സഞ്ജു ഇന്നലെ കിരീടസ്വപ്നം സഫലമാക്കുന്നതിൽ മുന്നണിപ്പോരാളിയായത്.അഹമ്മദാബാദിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 255/5 എന്ന സ്കോർ ഉയർത്തിയപ്പോൾ മറുപടിക്കിറങ്ങിയ കിവീസ് 19 ഓവറിൽ 159 റൺസിന് ആൾഔട്ടായി. സഞ്ജു സാംസൺ (46 പന്തുകളിൽ അഞ്ചു ഫോറും എട്ടു സിക്സുമടക്കം 89 റൺസ്), അഭിഷേക് ശർമ്മ (21 പന്തുകളിൽ ആറുഫോറും മൂന്ന് സിക്സുമടക്കം 52 റൺസ്), ഇഷാൻ കിഷൻ (25 പന്തുകളിൽ നാലുവീതം ഫോറും സിക്സുമടക്കം 54 റൺസ്) എന്നിവർ നേടിയ അർദ്ധസെഞ്ച്വറികളാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്കെത്തിച്ചത്. നാലുവിക്കറ്റുമായി ബുംറയും മൂന്ന് വിക്കറ്റുമായി അക്ഷർ പട്ടേലും ബൗളിംഗിൽ മിന്നി. അടിച്ചുകയറി നമ്മുടെ ‘ചേട്ടൻ”
Source link



