LATEST

‘നാല് മിനിറ്റിൽ 52 തവണ ക്ഷമ പറഞ്ഞു’; സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി 13 കാരൻ, പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

ഭോപ്പാൽ: സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി 13 വയസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടിയെ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്ധ്യപ്രദേശിലെ ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം. ദേശീയ തലത്തിൽ സ്‌കേറ്രിംഗിൽ രണ്ട് തവണ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള താരമാണ് ആത്മഹത്യക്ക് ശ്രമിച്ച എട്ടാം ക്ലാസുകാരൻ. സ്‌കൂൾ പ്രിൻസിപ്പലിന്റെ ഭീഷണിയെ തുടർന്നാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തന്റെ കരിയർ അവസാനിപ്പിക്കുമെന്ന് സസ്‌പെൻഡ് ചെയ്യുമെന്നും മെഡലുകൾ എടുത്തുകളയുമെന്നും സ്കൂൾ പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയതായി കുട്ടി മൊഴി നൽകി.

സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ട് വരാൻ അനുവാദമില്ലാതിരുന്നിട്ടും കുട്ടി ക്ലാസിലേക്ക് ഫോൺ കൊണ്ട് വരികയും വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്‌തു. പിന്നീട് കുട്ടി ഇത് സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌തതോടെ സംഭവം സ്‌കൂൾ അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടതായാണ് വിവരം. വിഷയത്തെക്കുറിച്ച് സംസാരിക്കാനായി കുട്ടിയുടെ മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ചതായി സ്‌കൂൾ അധികൃതർ പറയുന്നു.

എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ കുട്ടി പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് നടക്കുന്നതും ആവർത്തിച്ച് ക്ഷമാപണം നടത്തുന്നതും കാണാം. അത്തരത്തിൽ നാല് മിനിറ്റോളം കുട്ടി അവിടെ തന്നെ തുടരുന്നുണ്ട്. കുട്ടിയുടെ മുഖത്ത് നല്ല ഭയവും ദുഖവും കാണാൻ കഴിയും. ഏകദേശം 52 തവണയാണ് ആ നാലുമിനിറ്റിനുള്ളിൽ കുട്ടി ക്ഷമാപണം നടത്തിയത്. പിന്നീട് കുട്ടി ഇടനാഴിയിൽ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

സംഭവ സമയത്ത് കുട്ടിയുടെ പിതാവ് പ്രീതം കട്ടാര സ്‌കൂളിൽ തന്നെയുണ്ടായിരുന്നു. സ്‌കൂൾ അധികൃതർ വിളിപ്പിച്ചതനുസരിച്ച് എത്തിയതായിരുന്നു അദ്ദേഹം. എന്നാൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് അദ്ദേഹം വിവരം അറിഞ്ഞ് അവിടേക്കെത്തിയത്. സ്‌കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും വേണ്ട നടപടിയെടുക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിത സാഗർ ഉറപ്പ് നൽകി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button