ബഹളത്തിൽ മുങ്ങി ലോക്സഭ; അവിശ്വാസം പരിഗണിച്ചില്ല പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ സ്പീക്കർ ഓം ബിർളയ്ക്കെതിരെയുള്ള അവിശ്വാസപ്രമേയം ഇന്നലെ ലോക്സഭയിൽ പരിഗണിച്ചില്ല. ഇന്ന് വീണ്ടും പരിഗണിക്കും.വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ പശ്ചിമേഷ്യൻ സാഹചര്യത്തെ കുറിച്ച് ഇരു സഭകളിലും പ്രസ്താവന നടത്തി. രാജ്യസഭയിൽ പ്രതിപക്ഷം ഇറങ്ങിപോയി.
ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്നലെ രാവിലെ 11ന് ആരംഭിച്ചപ്പോൾ,മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ,മേഘാലയ ഷില്ലോംഗിൽ നിന്നുള്ള സിറ്റിംഗ് എം.പി ഡോ.റിക്കി ആൻഡ്രൂ ജെ.സിംഗ്കോൺ എന്നിവരുടെ അടക്കം നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഉച്ചയ്ക്ക് 12 വരെ പിരിഞ്ഞു. അവിശ്വാസ പ്രമേയ പശ്ചാത്തലത്തിൽ സ്പീക്കർ ഓം ബിർള വിട്ടു നിൽക്കുന്നതിനാൽ 11ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയാണ് സഭ നിയന്ത്രിച്ചത്.
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ആഘാതം ചർച്ച ചെയ്യണമെന്ന കെ.സി. വേണുഗോപാൽ,ബെന്നി ബെഹനാൻ,ഷാഫി പറമ്പിൽ, തുടങ്ങിയവരുടെ അടിയന്തര പ്രമേയ നോട്ടീസ് 12ന് ചേർന്നപ്പോൾ സഭ നിയന്ത്രിച്ച ബി.ജെ.പി എം.പി ജഗദംബികപാൽ തള്ളി. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ്,ഡോ.വി. ശിവദാസൻ,പി. സന്തോഷ്കുമാർ തുടങ്ങിയവരും ചർച്ച ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങിയതോടെ ലോക്സഭ 3 വരെ നിറുത്തിവച്ചു. മൂന്നിന് ബഹളം തുടർന്നതോടെ ഇന്നത്തേക്ക് പിരിഞ്ഞു. അവിവാഹിതൻ ആയതിനാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഗൗരവവുമില്ലെന്ന് ജഗദംബികാ പാൽ നടത്തിയ പ്രസ്താവന വരും ദിവസങ്ങളിൽ വിവാദമായേക്കും. പ്രതിപക്ഷം മനപൂർവ്വം സഭാ നടപടികൾ തടസപ്പെടുത്തുകയാണെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രതികരിച്ചു.ഇന്ത്യൻ ടീമിന് ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ ഇരുസഭകളും അഭിനന്ദിച്ചു.
Source link



