LATEST

‘ഇത് ജനാധിപത്യത്തിന്റെയും കോൺഗ്രസിന്റെയും വിജയം’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അർഹതയുണ്ടെന്നുള്ള കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കുറവൻകോണത്ത് വൈഷ്ണയുടെ വാർഡിൽ അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കവെയാണ് വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അർഹതയുണ്ടെന്ന വിധി വന്നത്. കോടതി വിധി ജനാധിപത്യത്തിന്റെയും കോൺഗ്രസിന്റെയും വിജയമാണെന്ന് ചെന്നിത്തല പറഞ്ഞു.

‘കോർപ്പറേഷനിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം എതിരാളികളെ ചൊടിപ്പിച്ചു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വോട്ടവകാശം റദ്ദാക്കാനായി അവർ നടത്തിയ ശ്രമം. സ്വന്തം വിലാസത്തിൽ 28 കള്ളവോട്ട് ഉള്ള ഒരാളാണ് വൈഷ്ണയുടെ വോട്ടവകാശം റദ്ദാക്കാൻ പരിശ്രമിച്ചത്. എന്തായാലും ഒടുവിൽ സത്യം വിജയിച്ചു. ഇത് ജനാധിപത്യത്തിന്റെയും കോൺഗ്രസിന്റെയും വിജയമാണ്. ജനങ്ങളുടെ വോട്ടും വൈഷ്ണക്ക് തന്നെ ലഭിക്കും’ – ചെന്നിത്തല പറഞ്ഞു.

വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും മത്സരിക്കാമെന്നും അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് നീക്കിയ നടപടി റദാക്കി. ഇതോടെ വൈഷ്ണ സുരേഷിന് മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക നൽകാം.

വോട്ടർപട്ടികയിൽ നിന്ന് തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്താണ് വൈഷ്ണ സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന് അറിഞ്ഞത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് തന്നെ ഒഴിവാക്കിയതെന്നും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്നും വൈഷ്ണ സുരേഷ് ആവശ്യപ്പെട്ടിരുന്നു .

വൈഷ്ണയുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്ന് ഹർജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഒരാൾ മത്സരിക്കാൻ ഇറങ്ങുകയും സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയും ചെയ്‌തെന്നും രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ വൈഷ്ണ നല്‍കിയ അപ്പീലിൽ 19-നകം ജില്ലാ കളക്ടർ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശിച്ചിരുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button