LATEST

കേരളത്തിലും വിമാനത്താവളങ്ങളിൽ യാത്രക്കാർ വലയുന്നു; ഇന്നും രക്ഷയില്ല, താളംതെറ്റി ഇൻഡിഗോ

തിരുവനന്തപുരം: ഇൻഡിഗോ വിമാനസർവീസുകൾ വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതും കാരണം വലഞ്ഞ് കേരളത്തിലുള്ള യാത്രക്കാർ. തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ യാത്രക്കാർ മണിക്കൂറുകളായി കാത്തിരിക്കുകയാണ്. ഇന്ന് ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി. കണ്ണൂർ – തിരുവനന്തപുരം, കണ്ണൂർ – അബുദാബി വിമാനങ്ങളാണ് വൈകുന്നത്. കണ്ണൂരിൽ ഇന്നലെയും ഇൻഡിഗോ വിമാന സർവീസുകളിൽ പ്രതിസന്ധി നേരിട്ടിരുന്നു. കണ്ണൂരിൽ നിന്ന് ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുന്നത് ഇൻഡിഗോയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിലും ഇന്ന് രാവിലെ ഇൻഡിഗോ യാത്രക്കാർ വലഞ്ഞു. തിരുവനന്തപുരത്തേക്ക് വരുന്ന മൂന്ന് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട മൂന്ന് വിമാനങ്ങളും വൈകുകയാണ്. തിരുവനന്തപുരം – ബംഗളൂരു, തിരുവനന്തപുരം – പൂനെ ഉൾപ്പെടെ നാല് ഇൻഡിഗോ വിമാനസർവീസുകൾ ഇന്ന് റദ്ദാക്കി. അതേസമയം, ഇൻഡിഗോ സർവീസുകൾ വൈകുന്നത് സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്.

ഇന്നലെയും സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടേറെ ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയിരുന്നു. പല സർവീസുകളും മണിക്കൂറുകളോളം വൈകി. തിരുവനന്തപുരത്ത് 26ഉം നെടുമ്പാശേരിയിൽ 40ഉം കോഴിക്കോട് 20ഉം കണ്ണൂരിൽ 18ഉം സർവീസുകളാണ് കഴിഞ്ഞ ദിവസം താളംതെറ്റിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യവ്യാപകമായി ഇൻഡിഗോ സർവീസുകളിൽ വൻ പ്രതിസന്ധി നേരിടുകയാണ്. ഡൽഹി, മുംബയ്, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള 550ഓളം സർവീസുകളാണ് റദ്ദാക്കിയത്. മൂറിലേറെ വിമാനങ്ങൾ വൈകി. കുറച്ച് ദിവസംകൂടി ഈ സ്ഥിതി തുടരാനാണ് സാദ്ധ്യത. ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് തിരിച്ചടിയാകുന്നതെന്നാണ് സൂചന. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്ന ചട്ടം നവംബർ ഒന്ന് മുതലാണ് നടപ്പായത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button