ഫര്‍ഹാന് ഹാഫ് സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍

പല്ലെക്കെലെ (ശ്രീലങ്ക): ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍ സഹിബ്‌സദാ ഫര്‍ഹാന്‍ 63(45) നേടിയ അര്‍ദ്ധ സെഞ്ച്വറിയാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ മറുവശത്ത് നിന്ന് ഫര്‍ഹാന് മികച്ച പിന്തുണ നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
ഓപ്പണര്‍ സയീം അയൂബ് 7(7), ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ 5(6) എന്നിവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ പാകിസ്ഥാന്‍ 20ന് രണ്ട് എന്ന നിലയിലേക്ക് വീണു. മൂന്നാം വിക്കറ്റില്‍ മുന്‍ നായകന്‍ ബാബര്‍ അസം 25(24) ഫര്‍ഹാനൊപ്പം 48 റണ്‍സ് കൂട്ടുകെട്ടില്‍ പങ്കാളിയായി. ഫഖര്‍ സമന്‍ 25(16) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വിക്കറ്റ് കീപ്പര്‍ ഉസ്മാന്‍ ഖാന്‍ 8(5), മുഹമ്മദ് നവാസ് 0(1), ഷഹീന്‍ ഷാ അഫ്രീദി 2(3) എന്നിവരും നിരാശപ്പെടുത്തി. ഷദാബ് ഖാന്‍ 11 പന്തുകളില്‍ നിന്ന് 23 റണ്‍സ് നേടി അവസാന പന്തില്‍ റണ്ണൗട്ടായി. സല്‍മാന്‍ മിര്‍സ 2*(3) പുറത്താകാതെ നിന്നു.
നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഇടങ്കയ്യന്‍ സ്പിന്നര്‍ ലിയാം ഡ്വാസന്‍ ഇംഗ്ലണ്ടിനായി ബൗളിംഗില്‍ തിളങ്ങി. ജോഫ്ര ആര്‍ച്ചര്‍, ജേമി ഓവര്‍ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ആദില്‍ റഷീദിന് ഒരു വിക്കറ്റ് ലഭിച്ചു. ന്യൂസിലാന്‍ഡിനെതിരായ മത്സരം മഴ കാരണം ഉപേക്ഷിച്ചതിനാല്‍ പാകിസ്ഥാന് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരം വിജയിക്കണം. മറുവശത്ത് ശ്രീലങ്കയെ തോല്‍പ്പിച്ച ഇംഗ്ലണ്ടിന് ഇന്നത്തെ മത്സരം വിജയിച്ചാല്‍ സെമി ഏറെക്കുറെ ഉറപ്പിക്കാം.
Source link


