പ്രവാസികൾക്കടക്കം തിരിച്ചടി; വാഹനമുള്ളവർക്ക് ഇനി ചെലവ് കൂടും

അബുദാബി: ദുബായിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഫീസ് വർദ്ധിച്ചേക്കുമെന്ന് സൂചന. ദുബായിൽ പേയ്‌ഡ് പാർക്കിംഗിലെ ഏറ്റവും വലിയ സേവനദാതാവായ ‘പാർക്കിൻ’ ഫീസ് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ് വിവരം. പാർക്കിംഗ് നിരക്കിലും സീസണൽ കാർഡ് ഉപയോഗത്തിലും മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് അപേക്ഷ നൽകിയതായി പാർക്കിൻ അറിയിച്ചു. അപേക്ഷയിൽ അംഗീകാരം ലഭിച്ചാൽ പാർക്കിംഗ് നിരക്കിൽ വർദ്ധനവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി.
“2026 ഫെബ്രുവരി പകുതിയോടെ ആർടിഎയ്ക്ക് കമ്പനി ഔപചാരികമായി അപേക്ഷ സമർപ്പിച്ചിരുന്നു. വെയ്റ്റഡ് ആവറേജ് പബ്ലിക് പാർക്കിംഗ് താരിഫ് വർദ്ധിപ്പിക്കാൻ വിവിധ ക്രമീകരണങ്ങൾ നടത്തണമെന്നാണ് അപേക്ഷ നൽകിയത്. സീസണൽ കാർഡ് ഘടനയിലും താരിഫുകളിലും മാറ്റങ്ങൾ വരുത്തണമെന്നതും ഇതിൽ ഉൾപ്പെടുന്നു. അപേക്ഷ ലഭിച്ചതായി ആർടിഎ സ്ഥിരീകരിച്ചിട്ടുണ്ട്. മാർഗനിർദേശങ്ങൾക്കും അന്തിമ അംഗീകാരത്തിനുമായി ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിനെ സമീപിക്കുന്നതിന് മുമ്പ് വിശദമായ അവലോകനം നടത്തുമെന്ന് ആർടിഎ അറിയിച്ചു.”- പ്രസ്‌താവനയിൽ പാർക്കിൻ വ്യക്തമാക്കുന്നു.
2025 മൂന്നാം പാദത്തോടെ ദുബായിൽ പേയ്ഡ് പാർക്കിംഗിന്റെ ശരാശരി മണിക്കൂർ ചെലവ് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 51 ശതമാനം വർദ്ധിപ്പിച്ചിരുന്നു. 2025 ജൂലായ് – സെപ്തംബർ മാസങ്ങളിൽ പാർക്കിംഗിന് മണിക്കൂറിന് 3.03 ദിർഹം ആണ് വർദ്ധിച്ചത്.
Source link


