LIFESTYLE NEW

പ്രവാസികൾക്കടക്കം ജീവിതം ‘മധുര’മാക്കാൻ കൊച്ചിയിൽ നിന്ന് സമ്മാനം, വെള്ളിയാഴ്‌ച പുറപ്പെടും

കൊച്ചി: ഗൾഫ് നാടുകൾക്ക് മധുരം പകരാൻ കേരളത്തിന്റെ സ്വന്തം പൈനാപ്പിൾ വീണ്ടും കപ്പലേറി കടൽ കടക്കും. ആറു ടൺ പൈനാപ്പിളാണ് കയറ്റുമതി ചെയ്യുക. വിളവെടുത്ത തോട്ടത്തിൽ തന്നെ പായ്ക്ക് ചെയ്യുന്ന പൈനാപ്പിൾ നിറഞ്ഞ കണ്ടെയ്നറുമായി വെള്ളിയാഴ്ച രാവിലെ കപ്പൽ പുറപ്പെടും. രണ്ടാം തവണയാണ് പൈനാപ്പിൾ കപ്പലിൽ കയറ്റുമതി ചെയ്യുന്നത്.
എം.സി റോഡരികിൽ കൂത്താട്ടുകുളത്തിനും മൂവാറ്റുപുഴയ്ക്കുമിടയിൽ ആറൂരിലെ തോട്ടത്തിൽ വിളഞ്ഞ പൈനാപ്പിളാണ് കയറ്റുമതി ചെയ്യുന്നത്. ആറു ടൺ പൈനാപ്പിളാണ് കയറ്റുമതിക്ക് ലക്ഷ്യമിടുന്നത്. തോട്ടത്തിൽ നിന്ന് വിളവെടുക്കുന്ന പൈനാപ്പിൾ അവിടെതന്നെ ഗുണമേന്മാ പരിശോധനകൾ നടത്തും.


പരസ്പരം കൂട്ടിമുട്ടാത്ത വിധത്തിൽ ഓരോന്നും കവറിൽ പായ്ക്ക് ചെയ്ത് 600 പെട്ടികളിൽ നിറയ്ക്കും. തോട്ടത്തിൽ നിന്നുതന്നെ കണ്ടെയ്നറിൽ കയറ്റും. നാളെ ഉച്ചയോടെ കണ്ടെയ്നർ ലോറി ആറൂറിലെത്തും. രാത്രിയോടെ കണ്ടെയ്നർ കൊച്ചി തുറമുഖത്തെത്തും. വെള്ളി രാവിലെ പുറപ്പെടുന്ന കപ്പൽ എട്ടു ദിവസത്തിനകം ദുബായിലെത്തും.


കൂത്താട്ടുകുളം സ്വദേശികളായ പോൾ എൽദോ, സാബു വർഗീസ്, പവൽ എൽദോസ് എന്നിവരുടെ തോട്ടത്തിലെ പൈനാപ്പിളാണ് കയറ്റുമതി ചെയ്യുന്നത്.


18 ദിവസം ഭദ്രം

വിളവെടുത്ത് പരമാവധി ദിവസം സൂക്ഷിക്കാൻ കഴിയുന്ന ഇനം പൈനാപ്പിൾ തൈകൾ കേരള കാർഷിക സർവകലാശാലയുടെ വാഴക്കുളത്തെ പൈനാപ്പിൾ ഗവേഷണകേന്ദ്രം 2020-21ൽ വികസിപ്പിച്ചിരുന്നു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ പിന്തുണയോടെയാണ് കൃഷി ചെയ്തത്. വിളവെടുക്കുന്ന പച്ച പൈനാപ്പിൾ 18 ദിവസം കേടാകില്ല. മുമ്പ് പൈനാപ്പിൾ പഴത്തിന്റെ സൂക്ഷിപ്പുകാലം പരിമിതമായതിനാൽ കപ്പലിൽ കയറ്റുമതി നടത്താൻ കഴിഞ്ഞിരുന്നില്ല. കൊച്ചിയിൽ നിന്ന് എട്ടു മുതൽ 10 ദിവസം വരെയാണ് കപ്പൽ ദുബായിലെത്താൻ വേണ്ടത്. വിമാനമാർഗം കയറ്റുമതി ചെയ്യുന്നത് വൻചെലവായതിനാലാണ് കപ്പൽ ഉപയോഗിക്കുന്നത്.


കൂട്ടായ പരിശ്രമം

അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്സ്‌പോർട്ട് ഡെവലപ്‌മെന്റ് തോറിട്ടി കയറ്റുമതിക്കുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കി. പൈനാപ്പിൾ ഗവേഷണകേന്ദ്രം കൃഷിക്കും വിളവെടുപ്പിനും സാങ്കേതികസഹായം നൽകി. തിരുപ്പൂർ ആസ്ഥാനമായ ബ്ളാക്ക് ബോക്സ് എന്ന സ്ഥാപനമാണ് ഓർഡർ നേടിയത്. ഗൾഫിലെ സൂപ്പർ മാർക്കറ്റുകൾ വഴി പൈനാപ്പിൾ വില്പന നടത്തും.


നവംബറിൽ

നവംബർ ഏഴിനാണ് കൂത്താട്ടുകുളത്ത് വിളവെടുത്ത 15 ടൺ പൈനാപ്പിൾ കപ്പലിൽ ദുബായിലേക്കയച്ചത്. പത്താംദിവസം ദുബായിലെത്തി. പരിശോധനയിൽ 16 ദിവസം കഴിഞ്ഞും പൈനാപ്പിളിന് കേടില്ലെന്നു കണ്ടെത്തി. തുടർന്നാണ് പുതിയ ഓർഡർ ലഭിച്ചത്.


രണ്ടാമത്തെ കയറ്റുമതിയിൽ വലിയ പ്രതീക്ഷയുണ്ട്. കനത്ത ചൂടു മൂലം പഴത്തിന്റെ തൂക്കം കുറഞ്ഞിട്ടുണ്ടെങ്കിലും മികച്ച വിളവാണ് പ്രതീക്ഷിക്കുന്നത്.

പവൽ എൽദോസ്

കർഷകൻ


Source link

Related Articles

Back to top button