LATEST

പ്രമുഖ ബ്രാൻഡിന്റെ പേരിൽ വ്യാജ നെയ്യ് വിറ്റു; സമ്പാദിച്ചത് കോടികൾ, ദമ്പതികൾ അറസ്‌റ്റിൽ

ബംഗളൂരു: പ്രമുഖ പാലുൽപ്പന്ന ബ്രാൻഡായ ‘നന്ദിനി’യുടെ പേരിൽ വ്യാജ നെയ്യ് വിറ്റ‌ റാക്കറ്റ‌ിലെ പ്രധാനികളായ ദമ്പതികളെ പൊലീസ് അറസ്‌റ്റ‌് ചെയ്‌തു. ശിവകുമാർ, രമ്യ എന്നിവരാണ് അറസ്‌റ്റ‌ിലായത്. ഇവർ ‘നന്ദിനി’ എന്ന ബ്രാൻഡ് നെയിം ഉപയോഗിച്ച് ബംഗളൂരുവിൽ നിർമ്മാണ യൂണിറ്റ് നടത്തിയിരുന്നെന്നും വ്യാജ നെയ്യ് വിറ്റിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് നിർമ്മാണ യൂണിറ്റിൽ നടത്തിയ റെയ്‌ഡിൽ വ്യാജ നെയ്യ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഹൈടെക് യന്ത്രങ്ങൾ കണ്ടെത്തി. വ്യാജ ‘നന്ദിനി’ ഉൽപ്പന്നങ്ങൾ വൻതോതിൽ നിർമ്മിക്കാൻ ദമ്പതികൾ നൂതന വ്യാവസായിക ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഉൽപ്പാദന പ്രക്രിയകൾക്കായി ഉപയോഗിച്ച എല്ലാ യന്ത്രസാമഗ്രികളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നേരത്തെ റാക്കറ്റിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. കർണാടക സഹകരണ പാൽ ഉൽപ്പാദക ഫെഡറേഷന്റെ (കെഎംഎഫ്) ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ പാലുൽപ്പന്ന ബ്രാൻഡുകളിലൊന്നാണ് നന്ദിനി. വിപണിയിൽ വൻതോതിലുള്ള മൂല്യം നന്ദിനി എന്ന ബ്രാൻഡിനുണ്ട്.

അനധികൃതവിൽപ്പനയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് നവംബർ 14 ന് സെൻട്രൽ ക്രൈം ബ്രാഞ്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സ്ക്വാഡും കെഎംഎഫ് വിജിലൻസ് വിംഗും ചേർന്ന് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് വ്യാജ നെയ്യ് പിടികൂടിയത്. വ്യാജ നെയ്യുടെ വിതരണകേന്ദ്രങ്ങളെന്നു സംശയിച്ച ചാമരാജ്പേട്ടിലെ നഞ്ചംബ അഗ്രഹാരയിലെ കൃഷ്ണ എന്റർപ്രൈസസുമായി ബന്ധപ്പെട്ട ഗോഡൗണുകൾ, കടകൾ, വാഹനങ്ങൾ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തു.

തമിഴ്‌നാട്ടിൽ നിന്ന് മായം ചേർത്ത പായ്‌ക്കറ്റ‌് നെയ്യ് കൊണ്ടുപോയ വാഹനം അന്വേഷണസംഘം പിടിച്ചെടുത്തു. 56.95 ലക്ഷം രൂപ വിലമതിക്കുന്ന 8,136 ലിറ്റർ മായം ചേർത്ത നെയ്യ്, അവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങൾ, കിലോക്കണക്കിന് തേങ്ങ, പാം ഓയിൽ, അഞ്ച് മൊബൈൽ ഫോണുകൾ, 1.19 ലക്ഷം രൂപ, 60 ലക്ഷം രൂപ വിലമതിക്കുന്ന നാല് ബൊലേറോ ഗുഡ്‌സ് വാഹനങ്ങൾ എന്നിവയുൾപ്പെടെ 1.26 കോടി രൂപയുടെ സ്വത്തുക്കളും പൊലീസ് പിടിച്ചെടുത്തു. നെയ്യിൽ മൃഗക്കൊഴുപ്പ് കലർന്നിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button