LIFESTYLE NEW

പ്രധാനമന്ത്രിയെ കണ്ട ത്രില്ലിൽ നിരഞ്ജന; 17കാരി മോദിയോട് ചോദിച്ചത് ഒരു കാര്യം മാത്രം

‘2047ഓടെ ഇന്ത്യ വികസിത രാജ്യമായി മാറാനിരിക്കെ ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ യുവാക്കൾക്ക് എന്ത് ചെയ്യാൻ സാധിക്കും?’ ഇതാണ് മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥി നിരഞ്ജന ആർ. മേനോൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിച്ച ചോദ്യം.

വിദ്യാർത്ഥികളുമായുള്ള പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ചയുടെ സൗത്ത് ഇന്ത്യയിലെ ആദ്യ പരിപാടി കോയമ്പത്തൂരിൽ നടത്തിയപ്പോഴാണ് മോദിയുമായി സംവദിക്കാനുള്ള അവസരം ഈ 17കാരിയെ തേടിയെത്തിയത്. നവംബ‌ർ 19ന് കോയമ്പത്തൂ‌ർ കൊടീസിയ കോംപ്ലക്സിൽ നടന്ന പരിപാടി തിങ്കളാഴ്ചയാണ് മാദ്ധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്തത്.


12 വർഷമായി നിരഞ്ജന മാതാപിതാക്കൾക്കൊപ്പം കോയമ്പത്തൂരിലെ കാളപ്പട്ടിയിലാണ് താമസം. പരിപാടിയുടെ തലേന്ന് രാത്രി ഹോംവർക്ക് ചെയ്യുന്നതിനിടെ,​ പൊലീസ് വെരിഫിക്കേഷന് എത്തിയപ്പോഴാണ് സംഭവമറിയുന്നത്. ടെൻഷനിലുപരി ഏറെ ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രിയെ നേരിട്ട് കാണാനുള്ള ആവേശമായിരുന്നു. 2023ലും പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ അന്ന് ഇ- മെയിലിലൂടെ ചോദ്യം സമർപ്പിച്ച് ഉത്തരം ലഭിക്കുന്ന രീതിയായിരുന്നു. അന്ന് പ്രധാനമന്ത്രിയുടെ ഒപ്പ് പതിപ്പിച്ച സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭിച്ചെങ്കിലും നേരിട്ട് സംവദിക്കാൻ സാധിക്കാത്തതിന്റെ സങ്കടമുണ്ടായിരുന്നു.

മോദിയുടെ ഉത്തരം പ്രാവർത്തികമാക്കും

‘ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതുപോലും വികസിത രാജ്യത്തിലേക്കുള്ള ചുവടുവയ്പാണ്. ഭക്ഷണം പാഴാക്കാതിരിക്കുക,​ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക, പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയാതിരിക്കുക ഇവയെല്ലാം ഉദാഹരണങ്ങളാണ്. ഭക്ഷണം അനാവശ്യമായി പാഴാക്കാതിരുന്നാൽ എത്ര സംഭരിക്കാൻ കഴിയുമെന്ന് ചിന്തിക്കുക”. തന്റെ ചോദ്യത്തിനുള്ള ഉത്തരമായി പ്രധാനമന്ത്രി പറഞ്ഞ കാര്യം ജീവിതത്തിൽ പ്രാവർത്തികമാക്കാനാണ് നിരഞ്ജനയുടെ തീരുമാനം.

പരീക്ഷാപേയ്ക്കായി തയ്യാറാക്കിയ വെബ്സൈറ്റ് വഴിയാണ് നിരഞ്ജന അപേക്ഷിച്ചത്. ടെഡ് എക്സ് സ്പീക്കർ കൂടിയായ നിരഞ്ജന മികച്ച പ്രാസംഗികയാണ്. റീഡ്സ് വേൾഡ് സ്കൂളിലെ ബയോ മാത്ത്സ് വിദ്യാർത്ഥിയാണ്. ഗോദറേജ് മാനേജരായ ബിജു പി.മേനോനും സി.എം.എസ് കോളേജ് പ്രൊഫസർ ഡോ. രഞ്ജിതയുമാണ് മാതാപിതാക്കൾ.


Source link

Related Articles

Back to top button